സെഞ്ച്വറി വീരന്‍ കരുണ്‍ നായര്‍ ഇത്രയൊക്കെ സമ്പാദിച്ചോ? ആസ്തി എത്രയെന്നോ?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച മലയാളിയായ കരുണ്‍ നായരെ ചുറ്റിപ്പറ്റിയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ക്രിക്കറ്റ് ലോകത്തേയാകെ അമ്പരപ്പിക്കുകയാണ് വിദര്‍ഭ താരം കരുണ്‍ നായര്‍. ടൂര്‍ണമെന്റില്‍ ബാറ്റിംഗിനിറങ്ങിയ ആറ് ഇന്നിംഗ്‌സില്‍ അഞ്ചിലും സെഞ്ച്വറി നേടിക്കൊണ്ട് ദേശീയ ടീമിന്റെ വിളിക്കായി കാത്തിരിക്കുകയാണ് കരുണ്‍ നായര്‍.
വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ ഇതുവരെ കളിച്ചത് ഏഴു മത്സരങ്ങളാണ്. ബാറ്റെടുത്ത ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ചറിയോടെ 664 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ് താരം. ആറില്‍ അഞ്ച് ഇന്നിംഗ്‌സിലും നോട്ടൗട്ടായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. 112, 44, 163, 111, 112, 122 എന്നിങ്ങനെയാണ് കരുണ്‍ നായരുടെ ടൂര്‍ണ്ണമെന്റിലെ സ്‌കോറുകള്‍.

എന്നാല്‍ കരുണ്‍ നായര്‍ ഇതാദ്യമായല്ല തന്റെ പ്രതിഭ തെളിയിക്കുന്നത്. ഏട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടീം ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സിയില്‍ തന്നെ കരുണ്‍ തന്റെ കഴിവ് തെളിയിച്ചതാണ്. തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് കരുണ്‍ നായര്‍ വരവറിയിച്ചത്. വിരേന്ദ്ര സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും കരുണിന് കഴിഞ്ഞു.
കരുണ്‍ നായര്‍ക്ക് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ മറ്റാരും ഈ നേട്ടം കൈവരിച്ചിട്ടുമില്ല. ദേശീയ ടീമില്‍ പിന്നീട് സ്ഥാനം കണ്ടെത്താനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സജീവമായിരുന്നു കരുണ്‍ നായര്‍. കരുണ്‍ നായരുടെ ആസ്തി, ഐപിഎല്‍ ശമ്പളം, ബിസിസിഐ കരാര്‍ എന്നിവ നമുക്ക് പരിശോധിക്കാം. ക്രിക്കറ്റ് തന്നെയാണ് കരുണ്‍ നായരുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്.
2024 ലെ കണക്ക് പ്രകാരം കരുണിന്റെ ആകെ ആസ്തി 30 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 2018-19 ല്‍ ബിസിസിഐയുടെ സി ഗ്രേഡ് കരാറില്‍ കരുണിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതുവഴി പ്രതിവര്‍ഷം ഒരു കോടി രൂപയാണ് കരുണിന്റെ അക്കൗണ്ടില്‍ എത്തിയത്. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായും കരുണ്‍ നായര്‍ എത്തിയിരുന്നു. ഇത്തവണ ഐപിഎല്‍ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് കരുണിനെ സ്വന്തമാക്കിയത്.
2018, 2019, 2020 സീസണുകളില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായിരുന്നു കരുണ്‍. 5.60 കോടി രൂപയാണ് ഈ കാലയളവില്‍ ഫ്രാഞ്ചൈസി കരുണിന് നല്‍കിയത്. 2021 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 50 ലക്ഷം രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. 2022 ല്‍ 1.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയ കരുണിനെ 2023 ല്‍ 50 ലക്ഷം രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയിരുന്നു.
മെഗാ ലേലത്തിന് മുന്നോടിയായി എല്‍എസ്ജി കരുണിനെ വിട്ടുകളഞ്ഞിരുന്നു. മെഗാലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് കരുണിനെ ഡല്‍ഹി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഇതുവരെ 73 മത്സരങ്ങളില്‍ നിന്ന് 1480 റണ്‍സ് താരം നേടിയിട്ടുണ്ട്.












Click it and Unblock the Notifications