കരൂർ ദുരന്തം; മരണസംഖ്യ 41 ആയി..ടിവികെയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു.ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവിൽ 50 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.. കേസ് സിബിഐക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാണ് ടിവികെയുടെ ആവശ്യം. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, കോടതി സ്വന്തം നിലയിൽ നടപടിയെടുക്കണമെന്നും പാർട്ടി അഭിഭാഷകൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു..സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പാർട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

അതിനിടെ കരൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക അന്വേഷണം പൂർത്തിയാക്കുന്നത് വരെ ടിവികെയുടെയും റാലികൾക്ക് അനുമതി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിൽ പരിക്കേറ്റ സെന്തിൽ എന്നയാൾ കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നത് വരെ വിജയ്‌യുടെയും ടിവികെയുടെയും റാലികൾക്ക് അനുമതി നൽകുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം..
അശ്രദ്ധമായ ആസൂത്രണം, ഗുരുതരമായ കെടുകാര്യസ്ഥത, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ച എന്നിവയാണ് ദുരന്തത്തിന് കാരണമായത്. കരൂർ ടൗൺ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.
സംഘടനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, ആർട്ടിക്കിൾ 21 പ്രകാരം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പൂർണ്ണമായ അന്വേഷണം നടത്താതെ ടിവികെ റാലികൾക്ക് അനുമതി നൽകുന്നത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനുള്ള സർക്കാരിന്റെ കഴിവിൽ പൊതുജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഹർജിയിൽ പറഞ്ഞു. അതേസമയം കോടതിയുടെ മേൽനോട്ടത്തിലുള്ളതോ സിബിഐയുടെ നേതൃത്വത്തിലുള്ളതോ ആയ അന്വേഷണത്തിലൂടെ മാത്രമേ നിഷ്പക്ഷത ഉറപ്പാക്കാനാകൂ എന്നാണ് ഹർജിയോട് ടിവികെ നേതാക്കൾ പ്രതികരിച്ചത്. തിങ്കളാഴ്ച മധുര ബെഞ്ച് ഹർജി പരിഗണിക്കും.
ദുരന്ത ബാധിതരെ ഡിഎംകെ നേതാക്കൾ സന്ദർശിച്ചെങ്കിലും വിജയിക്കോ ടിവികെ നേതാക്കൾക്കോ ഇതിന് അനുമതി നൽകിയിട്ടില്ല. ടിവികെ നേതാക്കളുടെ സന്ദർശനം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും കൂടുതൽ തിരക്കിന് കാരണമാകുമെന്നുമാണ് സർക്കാർ നിലപാട്. അതേസമയം ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും വിജയ് ഇപ്പോഴും മുക്തനായിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇപ്പോഴും അദ്ദേഹം ഭക്ഷണം കഴിച്ചിട്ടില്ലെന്നുംതിങ്കളാഴ്ചത്തെ കോടതി വാദത്തിന് ശേഷം, അധികാരികളുടെ അനുമതിയോടെ അദ്ദേഹം ദുരിതബാധിതരുടെ കുടുംബങ്ങളെ കാണുമെന്നും നടനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് 5 ലക്ഷവും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് 5 ലക്ഷവുമാണ് സർക്കാർ പ്രഖ്യാപിച്ചത്. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്.
വൈദ്യുതി മുടങ്ങിയിട്ടില്ല; സർക്കാർ
ടിവികെ റാലി വേദിയിൽ വൈദ്യുതി മുടങ്ങിയിരുന്നില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. വിജയ് വേദിയിൽ എത്തിയപ്പോൾ വൈദ്യുതി വിതരണം തടസ്സപ്പെട്ടു, എന്ന ടിവികെയുടെ വാദം സർക്കാർ നിഷേധിച്ചു. ടിവികെ പാർട്ടി വൈദ്യുതി മുടക്കാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും അങ്ങനെയൊരു വൈദ്യുതി തടസ്സമുണ്ടായില്ലെന്ന് തമിഴ്നാട് സർക്കാരിന്റെ ഫാക്ട് ചെക്ക് യൂണിറ്റ് എക്‌സിൽ കുറിച്ചു.
ചില ലൈറ്റുകൾക്ക് മങ്ങലുണ്ടായത് പാർട്ടിയുടെ ജനറേറ്ററിലുണ്ടായ തകരാർ മൂലമാണെന്നും സർക്കാർ വ്യക്തമാക്കി. ജില്ലാ കളക്ടറും എഡിജിപിയും സമാനമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, കോടതിയുടെ മേൽനോട്ടത്തിലുള്ളതോ സിബിഐയുടെ നേതൃത്വത്തിലുള്ളതോ ആയ അന്വേഷണത്തിലൂടെ മാത്രമേ നിഷ്പക്ഷതയും സത്യവും പുറത്തുവരൂ എന്ന് ടിവികെ നേതാക്കൾ ആവർത്തിച്ചു. മധുര ബെഞ്ചിലെ തിങ്കളാഴ്ചത്തെ വാദം കേൾക്കൽ കേസിന്റെ ഭാവി കാര്യങ്ങളിൽ നിർണായകമാകും.












Click it and Unblock the Notifications