കരൂർ ദുരന്തം; വിജയിയുടെ അറസ്റ്റ് ഉണ്ടാകുമോ? പ്രതിഷേധം ശക്തം; റാലിയിൽ എത്തിയവർക്ക് വെള്ളം പോലും കിട്ടിയില്ല
ചെന്നൈ: 39 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ്ക്കെതിരെ പ്രതിഷേധം ശക്തം. അപകടത്തിന്റെ പൂർണഉത്തരവാദിത്തം വിജയിക്കാണെന്നും ഉടൻ തന്നെ താരത്തെ അറസ്റ്റ് ചെയ്യണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും നടനെതിരെ ശക്തമായ അമർഷം പുകയുന്നുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 10,000 പേർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന സ്ഥലത്ത് അതിന്റെ മൂന്നിരട്ടിയോളം ആളുകളെത്തിയതാണ് ദുരനന്തത്തിലേക്ക് നയിച്ചതെന്ന് തമിഴ്നാട് ഡിജിപി പ്രതികരിച്ചു. 'ഉച്ചയ്ക്ക് 12 മണിക്കാണ് വിജയ് എത്തേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം വന്നത് വൈകീട്ട് ഏഴ് മണിയോടെയാണ്. പരിപാടി നടത്താന്‍ അനുമതി തേടിയ സമയം വൈകീട്ട് മൂന്നിനും പത്തിനും ഇടയിലാണ്. എന്നാൽ 12 മണിയോടെ വിജയ് എത്തുമെന്ന് ടിവിക തങ്ങളുടെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാവിലെ 11 മുതൽ തന്നെ ആളുകൾ യോഗ സ്ഥലത്തേക്ക് ഒഴുകി. കടുത്ത ചൂടിൽ ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചില്ല. 500 പോലീസുകാരെ സംഭവസ്ഥവത്ത് വിന്യസിച്ചിരുന്നു. റാലിയിൽ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണത്തിന് അനുസരിച്ച് പോലീസുകാരെ വിന്യസിക്കാൻ തങ്ങൾക്ക് സാധിക്കില്ല', അദ്ദേഹം പറഞ്ഞു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് കരൂറിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. അദ്ദേഹം പുലർച്ചയോടെ കരൂർ മെഡിക്കൽ കോളേജും സംഭവ സ്ഥലവും സന്ദർശിച്ചു. പുലർച്ചെയോടെയാണ് സ്റ്റാലിൻ ആശുപത്രിയിൽ എത്തിയത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു ദുരന്തം മുൻപെങ്ങും സംഭവിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. "ഇതുവരെ 39 പേർ മരിച്ചു. ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം നമ്മുടെ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു ദുരന്തം ഭാവിയിൽ ഒരിക്കലും ഉണ്ടാകരുത്, സ്റ്റാലിൻ പ്രതികരിച്ചു.ഏതെങ്കിലും രാഷ്ട്രീയപരമായ ഉദ്ദേശ്യത്തോടെ താൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവന്നാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ്ക്കെതിരെ കേസെടുക്കുമോയെന്ന ചോദ്യത്തിന് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളെ ആശ്രയിച്ചായിരിക്കും നടപടിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ അധ്യക്ഷൻ വിപി മതിയഴകനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, കുറ്റകരമായ നരഹത്യ, ഉത്തരവുകൾ ലംഘിക്കൽ, മനുഷ്യ ജീവനും സുരക്ഷയ്ക്കും അപടമുണ്ടാക്കുന്ന നടപടികൾ കൈക്കൊണ്ട പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം അപകടത്തിന് പിന്നാലെ വിജയ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിലും വിമർശനം കടുക്കുന്നുണ്ട്. എയർപോർട്ടിൽ നടനെ കാത്തിരുന്ന മാധ്യമങ്ങൾക്ക് മുഖം കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നീട് നാല് മണിക്കൂറിന് ശേഷം ട്വിറ്ററിലൂടെയാണ് വിജയ് പ്രതികരിച്ചത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ അനുശോചനം അറിയിച്ചതിന് ശേഷമായിരുന്നു ഇത്. മനസ് തകർന്നിരിക്കുകയാണ് ഞാൻ, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും ചികിത്സയിലുള്ളവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും വിജയ് ട്വീറ്റിൽ പറഞ്ഞു. അതേസമയം വിജയ് ഇനി എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് ഉറ്റുനോക്കുന്നത്. വിഷയം ഭരണകക്ഷിയായ ഡി എം കെയും ബി ജെ പിയും വലിയ ആയുധമാക്കി കഴിഞ്ഞു. ഇരുവരേയും ശത്രുപക്ഷത്ത് ആദ്യം തന്നെ പ്രഖ്യാപിച്ച വിജയിയോടുള്ള സംസ്ഥാന-കേന്ദ്രസർക്കാരുടെ നിലപാടുകളും ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications