കാസര്‍കോട്; ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കാസര്‍കോട് എന്‍മകജെ പഞ്ചായത്തിലെ അഡ്യനടുക്കയില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കാമ്പറബെട്ടുവിലെ ഹാഷിം സുഹറ ദമ്പതികളുടെ മക്കളായ ഫാത്തിമത്ത് ഫസീല (11), മറ്റൊരു മകള്‍ ഫിദ (7), സുഹറയുടെ സഹോദരി അസ്മയുടെയും കാസിമിന്റെയും മകളായ മുംതാസ് (10), എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. അവധിദിവസമായതിനാല്‍ വീടിനു സമീപത്തെ കുളത്തിലേക്ക് കുളിക്കാന്‍ പോയതാണ് പെണ്‍കുട്ടികള്‍. ഒരു കുട്ടി അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റു കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചതോടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മുംതാസിന്റെ സഹോദരി ഏഴുവയസുകാരി ഫസ്‌നയും (7) ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.

കരയിലായിരുന്ന ഫസ്‌നയാണ് നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചത്. ആളുകളെത്തി ഉടന്‍ കുട്ടികളെ കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ സ്ഥിരമായി കുളിക്കുന്നയിടത്താണ് അപകടമുണ്ടായത്. കുട്ടികളുടെ വിയോഗം നാടിനെയൊന്നാകെ ദു:ഖത്തിലാഴ്ത്തി. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications