കശ്മീര്‍ താഴ്‌വരയിലും നിയന്ത്രണങ്ങളില്‍ ഇളവ്; ടെലിഫോണ്‍ ബന്ധം പുനസ്ഥാപിച്ചു, സുരക്ഷ തുടരുന്നു
ദില്ലി: ജമ്മുവിന് പുറമെ കശ്മീര്‍ താഴ്‌വരയിലും നിയന്ത്രണങ്ങള്‍ നീക്കുന്നു. ഭാഗികമായി നിയന്ത്രണങ്ങള്‍ നീക്കി. 50000 ടെലിഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നത്. വന്‍തോതില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് താഴ്‌വരയിലുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തിയെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കനത്ത സുരക്ഷ തുടരുകയാണ്. ജമ്മു മേഖലയില്‍ അഞ്ച് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണകക്ഷനുകള്‍ പുനസ്ഥാപിച്ചു. ആഗസ്റ്റ് നാല് മുതലാണ് ഇന്നുവരെയില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു നിയന്ത്രണങ്ങള്‍.
50000ത്തോളം സൈനികരെ അധികമായി വിന്യസിക്കുകയും ചെയ്തിരുന്നു. കശ്മീരിലെ 17 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം പഴയപടിയാക്കി പുനസ്ഥാപിച്ചു. മധ്യകശ്മീരിലെ ബദ്ഗാം, സോനാമര്‍ഗ്, മണിഗാം, വടക്കന്‍ കശ്മീരിലെ ഗുറസ്, താങ്മാര്‍ഗ്, ഉറി കേരണ്‍, താങ്ദാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ടെലിഫോണ്‍ ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗറിലെ പോലീസ് ആസ്ഥാനം, സിവില്‍ ലൈന്‍ ഏരിയ എന്നിവടങ്ങളിലും ടെലിഫോണ്‍ ബന്ധം പുനസ്ഥാപിച്ചു.
20 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടി ഉടന്‍ പുനസ്ഥാപിക്കുമെന്നും പോലീസ് പറഞ്ഞു. ജമ്മു, റൈസി, സാംബ, കത്വ, ഉദ്ദംപൂര്‍ ജില്ലകളില്‍ 2ജി മൊബൈല്‍ സേവനം ലഭിക്കുന്നുണ്ട്. 4ജി സേവനം വരുംദിവസങ്ങളില്‍ ലഭ്യമായേക്കും.












Click it and Unblock the Notifications