കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടത് സിനിമയല്ല പുനരധിവാസമാണ്: അരവിന്ദ് കെജ്രിവാള്‍
ദില്ലി: കശ്മീരി ഫയല്‍സ് സിനിമയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധേയ പരാമർശവുമായി എ എ പി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രവാള്‍. കശ്മീരി പണ്ഡിറ്റുകൾക്ക് പുനരധിവാസമാണ് വേണ്ടത്, അല്ലാതെ സിനിമയല്ലെന്നാണ് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയത്. 'കശ്മീർ ഫയലുകൾ' എന്ന വിഷയത്തിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദില്ലി മുഖ്യമന്ത്രി. കശ്മീരിൽ വലിയ ദുരന്തമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. 32 വർഷങ്ങൾ കടന്നുപോയി, 32 വർഷങ്ങൾക്ക് ശേഷം സർക്കാർ കശ്മീരി പണ്ഡിറ്റുകളോട് പറയുന്നത് ഞങ്ങൾ നിങ്ങൾക്കായി ഒരു സിനിമ ഉണ്ടാക്കി എന്നാണെന്നും അദ്ദേഹം വിമർശിച്ചു.
"എനിക്ക് സിനിമ പ്രധാനമല്ല. ഇത് ബിജെപിക്ക് പ്രധാനമായേക്കാം''-കശ്മീർ ഫയല്‍സ് എന്ന സിനിമയ്ക്ക് നികുതി ഇളവ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞു. "നിങ്ങൾ ഏതെങ്കിലും കശ്മീരി പണ്ഡിറ്റിനോട് ചോദിക്കൂ, അവർക്ക് പുനരധിവാസമാണ് വേണ്ടത്. കഴിഞ്ഞ 8 വർഷമായി ബിജെപി സർക്കാർ അധികാരത്തിലാണ്. എന്തുകൊണ്ടാണ് അവർ ഇതുവരെ (കശ്മീരി പണ്ഡിറ്റുകളെ) പുനരധിവസിപ്പിക്കാത്തത്''-ദില്ലി മുഖ്യമന്ത്രി ചോദിച്ചു.

"ഡൽഹിയിലെത്തിയ എല്ലാ കശ്മീരി പണ്ഡിറ്റുകൾക്കും ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്തു. 1993ൽ അവർ കരാർ അടിസ്ഥാനത്തിലുള്ള അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. അന്നുമുതൽ അവർ താത്കാലിക അധ്യാപകരായി ജോലി ചെയ്തു. ഇടയ്ക്ക് ബി ജെ പി അധികാരത്തിൽ വന്നു, കോൺഗ്രസ് അധികാരത്തിൽ വന്നു, അവരാരും ഈ താത്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തിയില്ല. ഞങ്ങൾ ഈ അധ്യാപകരെ സ്ഥിരമാക്കി.''-കശ്മീരി പണ്ഡിറ്റുകളെ സഹായിക്കാനുള്ള എഎപി സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.












Click it and Unblock the Notifications