കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ പൈശാചിക പീഡനം; ബിജെപിയുടെ പങ്ക് വ്യക്തമായി, തുറന്നുപറഞ്ഞ് മന്ത്രി, പ്രതികളെ രക്ഷിക്കാന്‍ ശ്രമം

പ്രതികളെ പിന്തുണച്ച മന്ത്രിമാര്‍ക്ക് വ്യക്തിപരമായി സംഭവിച്ച വീഴ്ചയാണെന്നായിരുന്നു ബിജെപി ദേശീയ നേതാവ് റാം മാധവ് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് തടിയൂരാന്‍ പറഞ്ഞത്.

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുവിലെ കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്ക് ബിജെപി പിന്തുണ നല്‍കുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്ത്. അറസ്റ്റിലായവരെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ തുടക്കം മുതലുള്ള വാദം. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജമ്മുവില്‍ പ്രകടനം നടത്തി ഹിന്ദു ഏകതാ മഞ്ചിന്റെ പ്രതിഷേധത്തില്‍ ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.

സംഭവം വിവാദമായതോടെ ബിജെപി നേതാക്കള്‍ വിഷയത്തില്‍ നിന്ന് അല്‍പ്പം അകലം പാലിച്ചാണ് പ്രതികരിച്ചത്. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലായി ചുരുക്കിക്കാണിക്കാനും ശ്രമം നടന്നു. എന്നാല്‍ ഉന്നത ബിജെപി നേതാക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്...

ഉന്നത നേതാക്കള്‍ പറഞ്ഞു, അനുസരിച്ചു

ഉന്നത നേതാക്കള്‍ പറഞ്ഞു, അനുസരിച്ചു

ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ബിജെപിയുടെ രണ്ട് മന്ത്രിമാരാണ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തത്. ചന്ദര്‍പ്രകാശ് ഗംഗ, ചൗധരി ലാല്‍ സിങ് എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി രംഗത്തുവന്നതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടക്കത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച ബിജെപി കേന്ദ്ര നേതാക്കള്‍, മന്ത്രിമാര്‍ക്ക് വ്യക്തിപരമായി സംഭവിച്ച വീഴ്ചയാണെന്ന് പറഞ്ഞാണ് തടിയൂരിയത്. എന്നാല്‍ വ്യക്തിപരമായുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ഹിന്ദു ഏകതാ മഞ്ചിന്റെ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും ഉന്നത ബിജെപി നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണെന്നും ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞു.

ചന്ദര്‍ പ്രകാശ് ഗംഗ പറയുന്നു

ചന്ദര്‍ പ്രകാശ് ഗംഗ പറയുന്നു

ബിജെപി സംസ്ഥാന നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ രണ്ടുപേരും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായത്. പാര്‍ട്ടിയാണ് തങ്ങളെ അങ്ങോട്ട് അയച്ചത്. സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മയുടെ നിര്‍ദേശ പ്രകാരമാണ് പോയത്. പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. അല്ലാതെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. മന്ത്രിസ്ഥാനം രാജിവച്ചത് പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. താനാണ് ബലിയാടായതെന്നും ചന്ദര്‍ പ്രകാശ് ഗംഗ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. ഇതോടെ ബിജെപി ഉന്നത നേതൃത്വങ്ങള്‍ ബലാല്‍സംഗ കേസിലെ പ്രതികളെ രക്ഷിക്കാന്‍ നീക്കം നടത്തിയെന്നാണ് ബോധ്യമാകുന്നത്.

മുസ്ലിംകളെ ഓടിക്കുക

മുസ്ലിംകളെ ഓടിക്കുക

മന്ത്രിമാര്‍ പ്രതികളുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചത് ദേശീയ തലത്തില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു. വ്യാപക വിമര്‍ശനമാണ് നേരിട്ടത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടി രണ്ടു പേരും മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ബിജെപി ദേശീയ നേതാക്കളുടെ പ്രസ്താവന കള്ളമാണെന്നാണ് ഇരുവരുടെയും പ്രതികരണം പുറത്തുവന്നതോടെ തെളിയുന്നത്. പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചുവെന്ന് ബോധ്യമായിരിക്കുകയാണ്. മുസ്ലിംകളെ പ്രദേശത്ത് നിന്ന് ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ട് വയസുകാരിയെ പൈശാചികമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദമില്ല

നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദമില്ല

എന്നാല്‍ നേതൃത്വം രാജിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നാണ് ചന്ദര്‍ പ്രകാശ് ഗംഗ പറയുന്നത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചത്. നേതാക്കള്‍ തന്നോട് രാജിവയ്ക്കാന്‍ പറഞ്ഞിട്ടില്ല. പ്രതിഷേധത്തില്‍ പങ്കെടുത്തതിന് തനിക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും ചന്ദര്‍ പ്രകാശ് ഗംഗ വ്യക്തമാക്കി. ഹിന്ദു ഏകതാ മഞ്ചിന്റെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ചൗധരി ലാല്‍ സിങും രംഗത്തുവന്നു. ക്രമസമാധാനം തകരാതിരിക്കാനാണ് താന്‍ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു.

മുസ്ലിം കുടുംബങ്ങളുടെ കുടിയേറ്റം

മുസ്ലിം കുടുംബങ്ങളുടെ കുടിയേറ്റം

കുറച്ചുപേര്‍ കുടിയേറി താമസിച്ചതാണ് പ്രശ്‌നമായതെന്ന ചൗധരി ലാല്‍ സിങ് ന്യായീകരിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഇവരുടെ കുടിയേറ്റം പ്രദേശത്ത് വിഷയമായിരുന്നു. അവരോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ പോയില്ല. മന്ത്രി അബ്ദുല്‍ ഗനി കോലിയെ ആക്രമിക്കപ്പെട്ട കുട്ടിയുടെ വീട്ടിലേക്ക് അയച്ചിരുന്നു. താമസം മാറി പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ പോയില്ല. ഈ വിഷയത്തില്‍ ഇടപെടാനാണ് തങ്ങള്‍ ആദ്യം റസാനയിലേക്ക് പോയത്. നേതൃത്വമാണ് തങ്ങളെ അയച്ചത്. പിന്നീടാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. എല്ലാം നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും ചൗധരി ലാല്‍ സിങ് പറയുന്നു.

ഗൂഢാലോചന അന്വേഷിച്ചാല്‍

ഗൂഢാലോചന അന്വേഷിച്ചാല്‍

പ്രതികളെ പിന്തുണച്ച മന്ത്രിമാര്‍ക്ക് വ്യക്തിപരമായി സംഭവിച്ച വീഴ്ചയാണെന്നായിരുന്നു ബിജെപി ദേശീയ നേതാവ് റാം മാധവ് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് തടിയൂരാന്‍ പറഞ്ഞത്. എന്നാല്‍ ഇത് ശരിയല്ലെന്ന് രാജിവച്ച രണ്ടു മന്ത്രിമാരുടെ പ്രതികരണം വ്യക്തമാക്കുന്നു. പ്രതികളെ അനുകൂലിച്ച് സംസാരിച്ചതും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരമാണെന്നും ചന്ദര്‍ പ്രകാശ് ഗംഗയും ചൗധരി ലാല്‍ സിങും വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ ദിവസങ്ങളോളം ക്രൂരമയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പ്രതിഷേധം രാജ്യവ്യാപകം

പ്രതിഷേധം രാജ്യവ്യാപകം

പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാരും രാജിവച്ച പശ്ചാത്തലത്തില്‍ ബിജെപിയുമായി സഖ്യം തുടരുന്നതില്‍ തെറ്റില്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മെഹ്ബൂബ മുഫ്തിയുടെ പിഡിപി തീരുമാനിച്ചത്. കേസില്‍ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിഷേധം ഇപ്പോഴും നടക്കുകയാണ്. ദില്ലിയിലും മുംബൈയിലും കൊല്‍ക്കത്തയിലും കോണ്‍ഗ്രസ് ഇന്നലെ രാത്രിയും പ്രതിഷേധ സംഗമം നടത്തി. കേരളത്തില്‍ നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധം തുടരുകയാണ്.

English summary
Kathua rape case: BJP leader Chander Prakash Ganga says party sent him to attend Hindu Ekta Manch rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X