കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വയിലും ഉന്നാവോയിലും നീതി ആവശ്യപ്പെട്ട് സിനിമാലോകം.. കത്തുന്ന പ്രതികരണങ്ങൾ

Google Oneindia Malayalam News

ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഒരു മുഖമില്ലാതായിരിക്കുന്നു. കത്വയും ഉന്നാവോയും വെറും പേരുകളല്ല. രാജ്യത്തെ സ്ത്രീകളുടെ, പെണ്‍കുഞ്ഞുങ്ങളുടെ, ജനാധിപത്യ സ്‌നേഹികളുടെ, മനുഷ്യരുടെ അഭിമാനത്തിനേറ്റ മുറിവുകളാണ്. മുസ്ലീം വിരോധത്തിന്റെ പേരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നില്‍ക്കാതെ, ഭരണകൂടത്തിന്റെ ഭാഗമായവര്‍ പ്രതികള്‍ക്ക് വേണ്ടി ദേശീയ പതാകയേന്തി തെരുവിലേറുന്ന നാണംകെട്ട സംഭവങ്ങളാണ് കണ്‍മുന്നില്‍ നടക്കുന്നത്.

ഇപ്പോള്‍ പ്രതികരിച്ചില്ല എങ്കില്‍ പിന്നെ എപ്പോഴാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ബീഫിന്റെ പേരില്‍ മുസ്ലീം വൃദ്ധനെ കൊന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന നാട്ടില്‍ ആര്‍ക്കാണ് നീതി ലഭിക്കുമെന്ന് സ്വപ്‌നം കണ്ട് ഉറങ്ങാനാവുക! ഒരു നഗരത്തിലൊരു അനീതി നടന്നാല്‍ അവിടെ കലാപമുണ്ടാകണം. അല്ലെങ്കില്‍ സൂര്യാസ്തമയത്തിന് മുന്‍പ് ആ നഗരം കത്തിച്ചാമ്പലാകണമെന്ന് പറഞ്ഞത് ബ്രെഹ്ത് ആണ്. കത്വയിലെ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തൊരു പ്രതിഷേധത്തിരിയെങ്കിലും തെളിഞ്ഞത്. മലയാളത്തിലേയും ബോളിവുഡിലേയും താരങ്ങളും പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു.

ഉറക്കത്തിൽ മലയാള താരങ്ങൾ

ഉറക്കത്തിൽ മലയാള താരങ്ങൾ

സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന മലയാള താരങ്ങൾ എണ്ണത്തിൽ വളരെ കുറവാണ്. സിനിമയുടെ പ്രമോഷന് വേണ്ടി മാത്രം സമൂഹത്തെ ഓർക്കുകയും സോഷ്യൽ മീഡിയയെ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മലയാളത്തിലെ ഭൂരിപക്ഷം താരങ്ങളും. അപവാദമായിട്ടുള്ളത് റിമ കല്ലിങ്കലും പാർവ്വതിയും ആഷിഖ് അബുവും ടൊവിനോ തോമസും മഞ്ജു വാര്യരും അലൻസിയറും ജോയ് മാത്യുവും അടക്കമുള്ള ചിലർ മാത്രമാണ്. കത്വ, ഉന്നാവോ വിഷയങ്ങളിലും രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോൾ മലയാളത്തിലെ താരങ്ങൾ പലരും അറിഞ്ഞ മട്ടില്ല. ബോളിവുഡിൽ നിന്നടക്കം പ്രതിഷേധം അലടയിക്കുമ്പോൾ മലയാളത്തിലെ പ്രതികരണം മഞ്ജു അടക്കമുള്ള ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നു. ഫേസ്ബുക്കിൽ മഞ്ജു വാര്യർ പോസ്റ്റ് ചെയ്ത വികാരഭരിതമായ കുറിപ്പ് ഇതാണ്:

ഉള്ള് കത്തുകയാണ്

ഉള്ള് കത്തുകയാണ്

കത്തുവ എന്ന നാടിന്റെ പേര് കേൾക്കുമ്പോൾ ഇപ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേൾക്കാതെ പോയ വിതുമ്പലുകൾക്ക്. തകർന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും. ഓരോ തവണയും നമ്മുടെ പെൺകുഞ്ഞുങ്ങൾ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോൾ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകൾക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നിൽ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോർത്ത് കണ്ണീർ പൊഴിക്കാം.

അവരെ തൂക്കിക്കൊല്ലണം

അവരെ തൂക്കിക്കൊല്ലണം

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസാണ് പ്രതികരിച്ചിരിക്കുന്ന മറ്റൊരു താരം. അവര്‍ ബലാത്സംഗികളാണ്, ബാലപീഡകരാണ്, കൊലപാതകികളാണ്. അവരെ തൂക്കിക്കൊല്ലണം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കത്വയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രം കവര്‍ ചിത്രമാക്കിയാണ് നടനും ജോയ് മാത്യു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉറക്കത്തിലാണെങ്കിലും നൈജീരിയന്‍ താരമായ സാമുവല്‍ റോബിന്‍സണ്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ സുഡുവായി മലയാളികള്‍ക്ക് പരിചിതനാണ് സാമുവല്‍ റോബിന്‍സണ്‍.

നീതി ഉറപ്പാക്കണം

നീതി ഉറപ്പാക്കണം

കത്വ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാന്‍ അധികാരികള്‍ ആവുന്നതെല്ലാം ചെയ്യണമെന്ന് സാമുവല്‍ ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ ഇന്നും നടക്കുന്നു എന്നത് ഹൃദയഭേദകമായ കാര്യമാണ് എന്നും പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുത് എന്നും സുഡുമോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബോളിവുഡില്‍ നിന്നും ചെറുതും വലുതുമായ അനവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. നടന്‍ റിതേഷ് ദേശ്മുഖിന്‌റെ പ്രതികരണം ഇതാണ്: എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുന്നു. മറ്റൊരിടത്ത് പീഡിപ്പിക്കപ്പെടുകയും ശേഷം അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്ത പെണ്‍കുട്ടി നീതിക്ക് വേണ്ടി പോരാടുന്നു.

സത്യത്തിന് വേണ്ടി എഴുന്നേൽക്കൂ

സത്യത്തിന് വേണ്ടി എഴുന്നേൽക്കൂ

പ്രതികരിക്കണോ നിശബ്ദനായിരിക്കണോ എന്ന ചോദ്യമാണ് മുന്നില്‍. ഒറ്റയ്ക്കാണെങ്കില്‍ കൂടിയും സത്യത്തിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കൂ എന്നാണ് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മിക്ക താരങ്ങളും ഹിന്ദുത്വ തീവ്രവാദികളെ പരാമര്‍ശിക്കാതെയാണ് സുരക്ഷിതമായ പ്രതികരണം നടത്തിയിരിക്കുന്നത്. സ്വര ഭാസ്‌കറിനെ പോലുള്ള താരങ്ങള്‍ പക്ഷേ ധൈര്യപൂര്‍വ്വം അത്തരം പ്രതികരണം നടത്തിയിരിക്കുന്നു. ഒരു മുസ്ലീം വിഭാഗത്തെ തുരത്തുന്നതിന് വേണ്ടി 8 വയസ്സുകാരിയെ അമ്പലത്തിനകത്ത് കൂട്ടബലാത്സംഗം ചെയ്ത് കൊന്നിരിക്കുന്നു. ഇന്ത്യ ഇത് നമുക്ക് മേലാണ് എന്നാണ് സ്വര ഭാസ്‌ക്കര്‍ കുറിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരെല്ലാം ഉന്നാവോയിലേയും കത്വവയിലേയും കുറ്റവാളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

ഇനി വോട്ട് ചെയ്യില്ല

ഇനി വോട്ട് ചെയ്യില്ല

കത്വ, ഉന്നാവോ കേസുകളില്‍ സര്‍ക്കാര്‍ എത്ര ശക്തമായി ഇടപെടുന്നുവെന്നതാണ് കാണേണ്ടത് എന്ന് നടി ടിസ്‌ക ചോപ്ര ട്വീറ്റ് ചെയ്തിരിക്കുന്നു. നടപടിയെടുത്തില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ടിസ്‌ക ചോപ്ര പറയുന്നു. മനുഷ്യത്വം എക്കാലത്തെക്കാളും ഇല്ലാതായിരിക്കുന്നുവെന്ന് നടി നേഹ ധൂപിയ പ്രതികരിച്ചിരിക്കുന്നു. ജാതിയുടേയും നിറത്തിന്റെയും മതത്തിന്റെയും വേര്‍തിരിവില്ലാതെ ഒരു കുഞ്ഞ് അര്‍ഹിക്കുന്നത് സ്‌നേഹം മാത്രമാണ്. ജാതിയും മതവും കണക്കിലെടുക്കാതെ കുറ്റവാളിക്ക് ശിക്ഷ ലഭിക്കണമെന്ന് നടന്‍ ആയുഷ്മാന്‍ ഖുരാന ട്വീറ്റ് ചെയ്തിരിക്കുന്നു.

ഇത് അപമാനകരമാണ്

ഇത് അപമാനകരമാണ്

നടി റിച്ച ചാഡ അതിരൂക്ഷമായാണ് കത്വ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. റിച്ചയുടെ ട്വീറ്റ് ഇതാണ്: ലോകമറിയട്ടെ നമ്മള്‍ ബലാത്സംഗികളെ പ്രതിരോധിക്കുന്നവരാണ് എന്ന്, ക്ഷേത്രത്തില്‍ കുറ്റകൃത്യം ചെയ്യുന്നവരും ദേശീയ പതാകയെ അപമാനിക്കുന്നവരുമാണെന്ന്. ആഗോള മാധ്യമങ്ങള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയല്ല എന്നതില്‍ ദൈവത്തിന് നന്ദി. ഒരു സ്ത്രീയാണ് മുഖ്യമന്ത്രിയായിരിക്കുന്നതെന്ന് അപമാനകരമാണ് എന്നാണ് റിച്ചയുടെ ട്വീറ്റ്. തന്റെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നും ആ പെൺകുട്ടിയെ ക്രൂരമായ കൊലപ്പെടുത്തിയ ക്രിമിനലുകള്‍ നമ്മുടെ ബോധത്തേയും കൊന്നുകളഞ്ഞിരിക്കുന്നു എന്നുമാണ് ദിയ മിര്‍സ പ്രതികരിച്ചിരിക്കുന്നത്.

ഭീതിയില്ലെങ്കിൽ മനുഷ്യനല്ല

ഭീതിയില്ലെങ്കിൽ മനുഷ്യനല്ല

വ്യാജ ഹിന്ദുക്കളും ദേശീയവാദികളും കാരണം തലകുനിക്കേണ്ടി വരുന്നുവെന്ന് നടി സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് എന്റെ രാജ്യത്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും നടി പ്രതികരിക്കുന്നു. തട്ടിക്കൊണ്ടുപോയി മയക്കിക്കിടത്തി ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തപ്പോള്‍ ആ എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ മനസ്സില്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ സാധിക്കുമോ എന്നാണ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഭീതി തോന്നുന്നില്ലങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല. ആ പെൺകുട്ടിയ്ക്ക് നീതി ആവശ്യപ്പെടുന്നില്ലെങ്കില്‍ നിങ്ങളെ ഒരു കൂട്ടത്തിലും പെടുത്താനാവില്ലെന്നും ഫര്‍ഹാന്‍ അക്തര്‍ പ്രതികരിച്ചിരിക്കുന്നു.

നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷ

നീതി നടപ്പിലാക്കുമെന്ന പ്രതീക്ഷ

കത്വയിലെ പെൺകുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടി പൊരുതണമെന്ന് നടന്‍ വരുണ്‍ ധവാന്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിച്ച് കൂട. അവൾ ഇന്ത്യയുടെ മകളാണെന്നും അവള്‍ക്ക് നീതി വേണമെന്നും വരുണ്‍ ട്വീറ്റ് ചെയ്തു. ഇത്തരമൊരു ക്രൂരത സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നും ഞെട്ടിയിരിക്കുകയാണെന്നും ആലിയ ഭട്ട് കുറിച്ചിരിക്കുന്നു. നീതി നടപ്പിലാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നടി പറയുന്നു. ഏറ്റവും പൈശാചികമായ കാര്യമാണ് ഒരു കുഞ്ഞിന് നേര്‍ക്ക് നടന്നിരിക്കുന്നതെന്ന് അനുഷ്‌ക ശര്‍മ്മ പ്രതികരിച്ചു. ഈ ലോകത്തിന് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അനുഷ്‌ക ചോദിക്കുന്നു. ഏറ്റവും കടുത്ത ശിക്ഷ തന്നെ കുറ്റവാളികള്‍ക്ക് ലഭ്യമാകണമെന്നും അനുഷ്‌ക പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

മോദിയുടെ മൗനം രാജ്യത്തോടുള്ള വെല്ലുവിളി! കത്വ പെൺകുട്ടിക്ക് നീതി തേടി നേതാക്കൾമോദിയുടെ മൗനം രാജ്യത്തോടുള്ള വെല്ലുവിളി! കത്വ പെൺകുട്ടിക്ക് നീതി തേടി നേതാക്കൾ

എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കുംഎട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും

English summary
Celebrities in film world reacts to Kathua and Unnao incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X