'രാജസ്ഥാനിൽ ബിജെപി പരിഭ്രാന്തിയിൽ; രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടും'
ജയ്പൂർ; രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തത്സ്ഥിതി തുടരണമെന്നുമാണ് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു. അതേസമയം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാർക്കൊപ്പം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജ്ഭവനിൽ എത്തി.
നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്നാണ് ഗെഹ്ലോട്ട് പക്ഷത്തിന്റെ ആവശ്യം. സഭ വിളിച്ച് ചേർക്കാൻ വിമുഖ കാണിക്കുന്ന ഗവർണറുടെ നടപടിയ്ക്കെതിരെ എംഎൽഎമാർക്കൊപ്പം രാജ്ഭവനിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി. അതേസമയം രാജസ്ഥാൻ പ്രതിസന്ധിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകായാണ് കെസി വേണുഗോപാൽ . പോസ്റ്റ് വായിക്കാം

പഠിച്ച പണി പതിനെട്ടുമായി ബിജെപി
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ അങ്ങേയറ്റം പരിഹാസ്യമായ രാഷ്ട്രീയ കുതിരക്കച്ചവടമാണ് ബിജെപി രാജസ്ഥാനിൽ നടത്തിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച കോൺഗ്രസ് സർക്കാരിനെ ഏതു വിധേനയും താഴെയിറക്കാൻ , ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആശീർവാദത്തോടെ പണമൊഴുക്കിയിട്ടും, എം എൽ എ മാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടും പഠിച്ച പ ണി പതിനെട്ടും പാളിയ അവസ്ഥയിലാണ് ബിജെപി.

പിൻവാതിലിലൂടെ അധികാരം പിടിക്കാൻ
അതിനു തിരഞ്ഞെടുത്ത സമയമാണ് ഏറ്റവും ഞെട്ടിക്കുന്നത്. ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ, ഏറ്റവും നല്ല രീതിയിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രാജസ്ഥാൻ സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപി കോപ്പ് കൂട്ടിയത്. ജനങ്ങളുടെ മനസ്സിൽ ഭീതി പടർത്തി, സർക്കാരിനെ അസ്ഥിരപ്പെടുത്തി മധ്യപ്രദേശിൽ ചെയ്തത് പോലെ, പിൻവാതിലിലൂടെ അധികാരക്കസേരയിൽ വലിഞ്ഞു കയറാനാണ് ബിജെപി പകൽക്കിനാവ് കണ്ടത്.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്
ഇതിൽ ഏറ്റവും പരിഹാസ്യമായത് ഈ നാണം കേട്ട രാഷ്ട്രീയ കുതിരക്കച്ചവടത്തിനു ഭരണഘടനാ സംരക്ഷണ ചുമതലയുള്ള ഗവർണറുടെ ഓഫീസും, നിക്ഷ്പക്ഷമായി നിലകൊള്ളേണ്ട കേന്ദ്ര ഏജൻസികളെപ്പോലും വലിച്ചിഴക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാൻ ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതെ വരിക, ഭൂരിപക്ഷം തെളിയിക്കാൻ സർവാത്മനാ സന്നദ്ധത അറിയിച്ചിട്ടും അതിനു തടസം നിൽക്കുക, ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് തങ്ങളുടെ ജനാധിപത്യ കടമ നിറവേറ്റാൻ രാജ്ഭവനുള്ളിൽ പ്രതിഷേധിക്കേണ്ടി വരിക, ഇതൊക്കെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്.

ബിജെപി പരിഭ്രാന്തിയിൽ
ഇന്ത്യയിലെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത നാളുകൾക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഭരണഘടനാ സംരക്ഷകരാകേണ്ട ഗവർണർമാരുടെ ഓഫീസുകൾ പോലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമാകുമ്പോൾ, ഏതു ജനാധിപത്യ ഭരണകൂട സ്ഥാപനങ്ങളിലാണ് രാജ്യത്തെ ജനങ്ങൾ വിശ്വാസമർപ്പിക്കുക.
ഒരു കാര്യം വളരെ വ്യക്തമാണ്. എല്ലാ അടവും പയറ്റിയിട്ടും തങ്ങൾക്കു രാജസ്ഥാനിൽ അധികാരത്തിലെത്താൻ സാധിക്കില്ലെന്ന യാഥാർഥ്യം ബിജെപിയെ പരിഭ്രാന്തിയിൽ ആക്കുന്നുണ്ട് .

കാലാവധി പൂർത്തിയാക്കും
അത് കൊണ്ട് തന്നെയാണ് ഏതു വൃത്തികെട്ട രാഷ്ട്രീയ നാടകവും കളിക്കാൻ അവർ മുതിരുന്നത്. ഈ ഉദ്യമത്തിൽ അവർ അമ്പേ പരാജയപ്പെടുമെന്നതിൽ യാതൊരു സംശയവും വേണ്ട. ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസ് സർക്കാർ ഈ നീചമായ രാഷ്ട്രീയ കുതിരക്കച്ചവടത്തെ രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യും. ഈ മഹാമാരിയുടെ കാലത്തും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടതിനു പകരം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും, അസ്ഥിരപ്പെടുത്താൻ കോപ്പുകൂട്ടുന്നവർക്കും, അതിനു പിന്നിൽ ചരട് വലിക്കുന്നവർക്കും ചരിത്രം ഒരിക്കലും മാപ്പു നൽകില്ല.












Click it and Unblock the Notifications