മോദി-ഷാ സമയം ചിലവിട്ടത് സർക്കാരുകളെ അട്ടിമറിക്കാൻ, കൊവിഡ് വ്യാപനത്തിൽ വിമർശിച്ച് വേണുഗോപാൽ
ദില്ലി: കൊവിഡ് വ്യാപനത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെസി വേണുഗോപാൽ. കൊവിഡ് രണ്ടാം തരംഗം സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിട്ടും മോദി സർക്കാർ ഒന്നും ചെയ്യാൻ തയ്യാറായില്ല എന്നത് ദയനീയമാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭരണത്തിനുപകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിയ്ക്കാനുമാണ് സമയം ചെലവഴിച്ചത് എന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
കൊവിഡിന്റെ ദ്രുത വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന തന്നെ ഇന്ന് രംഗത്തുവന്നിരിക്കയാണ്. ഇന്ത്യയുടെ നിലവിലുള്ള അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തുമ്പോൾ അതിനെ വിമർശനാത്മകമായെങ്കിലും സമീപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. വരാൻ പോകുന്ന വിപത്തിനെപ്പറ്റി കേന്ദ്ര സർക്കാറിന് മുമ്പിൽ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും ജനപ്രതിനിധികളും നിരവധി തവണ മുന്നറിയിപ്പ് നൽകിയതാണ്.

2020 ഒക്ടോബറിൽ ആരോഗ്യ പാർലമെന്ററി സമിതി നടത്തിയ ഗൗരവമുള്ള നിരീക്ഷണങ്ങൾ സർക്കാറിന് മുമ്പിലുണ്ട്. അഞ്ച് വർഷത്തിനിടയിൽ സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സിക്കയ്ക്കുള്ള സൗകര്യം വൻ തോതിൽ കുറവു വന്നതായി സമിതി ചൂണ്ടിക്കാട്ടുന്നു. എൻആർഎച്ച്‌എമ്മിന്റെ പരിധിയിൽ മൂലധന ചെലവും കുറഞ്ഞു. കേന്ദ്ര സർക്കാർ ആശുപത്രികൾ ആവശ്യത്തിന് കോവിഡ് ബെഡ്ഡുകൾ നീക്കിവെച്ചതുമില്ല. ഓക്സിജൻ ക്ഷാമം പരിഹരിക്കാനും കരുതിവെക്കാനും സിലിണ്ടറുകളുടെ വില നിശ്ചയിക്കാനും കേന്ദ്ര സർക്കാരിനോട് പാർലമെന്ററി സമിതി ആവശ്യപ്പെട്ടതാണ്.
വാക്സിൻ ലഭ്യതയ്ക്കും ഉത്പാദനം വർധിപ്പിക്കുന്നതിനും പദ്ധതി ആവിഷ്കരിക്കാൻ ആരോഗ്യ മന്ത്രാലയത്തോട് അന്നു തന്നെ ആവശ്യപ്പെട്ടു. അതിലെല്ലാമുപരി കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാവുമെന്നും പ്രതിരോധത്തിന് സജ്ജമാവാനും കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ തിരിച്ചറിയുന്നതിനായി ജീനോം സീക്വൻസിംഗിനായുള്ള ബജറ്റ് സർക്കാർ തന്നെ വെട്ടിക്കുറച്ചു. കോവിഡിനെതിരെ പോരാടുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് 65000 കോടി രൂപ ആവശ്യമാണെന്നും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അടുത്ത അഞ്ച് വർഷത്തേക്ക് ആറ് ലക്ഷം കോടി രൂപ അനിവാര്യമായ സ്ഥലത്ത് കേന്ദ്ര സർക്കാർ അനുവദിച്ചത് പകുതിയിൽ താഴെ വിഹിതമാണ്.
ആറു മാസം മുമ്പ് തന്നെ രണ്ടാമത്തെ കോവിഡ് തരംഗം വരുന്നുണ്ടെന്ന് മോദി സർക്കാറിന് അറിയാമായിരുന്നു. ഓക്സിജൻ, കിടക്ക, മരുന്നുകൾ എന്നിവയുടെ ക്ഷാമം ഉണ്ടെന്നും വ്യക്തമായിരുന്നു. എല്ലാം അറിയാമെങ്കിലും ഒന്നും ചെയ്യാൻ തയ്യാറായില്ല എന്നതാണ് ദയനീയം. ഈ പ്രതിസന്ധി മുന്നിലുണ്ടായിട്ടും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭരണത്തിനുപകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിയ്ക്കാനുമാണ് സമയം ചെലവഴിച്ചത്. ഈ കൊടിയ അനാസ്ഥക്ക് വില നൽകേണ്ടി വന്നത് രാജ്യത്തെ ജനങ്ങളുടെ വിലപ്പെട്ട ജീവനാണ്. ഓക്സിജൻ പോലും ലഭിക്കാതെ ദിനം പ്രതി നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമാവുന്നു. ശ്മാശാനങ്ങളിൽ അന്തിമസംസ്കാരങ്ങൾ നടത്താൻ ഊഴം കാത്തു ആംബുലൻസുകളുടെ നീണ്ട നിരകളാണ്. ഈ കൊടും അനാസ്ഥയുടെ പാപഭാരം നമ്മുടെ ഭരണകർത്താക്കൾ എവിടെയാണ് കഴുകിക്കളയുക.












Click it and Unblock the Notifications