കോൺഗ്രസ് നാഥനില്ലാ കളരിയല്ല.. രാഹുൽ കാര്യങ്ങൾ നോക്കുന്നു, തരൂരിന്റെത് പൊതുവികാരമെന്ന് വേണുഗോപാൽ
ദില്ലി: രാഹുല്‍ ഗാന്ധി രാജി വെച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനാകാത്തത് കോണ്‍ഗ്രസിന് തലവേദനയേറ്റുകയാണ്. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും ഇത് കണ്ട് നില്‍ക്കാനാവില്ലെന്നും തരൂര്‍ തുറന്നടിച്ചത് പാര്‍ട്ടിക്കുളളില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് യോജിച്ച നേതാവാണ് എന്നും തരൂര്‍ അഭിപ്രായപ്പെടുകയുണ്ടായി.
തരൂരിനോട് യോജിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംഘടനാ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തരൂരിന്റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലുളള പൊതുവികാരമാണെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. പുതിയ അധ്യക്ഷനെ വേഗം കണ്ടെത്തണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടെന്ന് വേണുഗോപാല്‍ സമ്മതിച്ചു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷയായി വരണമെന്ന് ആഗ്രഹിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. പുതിയ അധ്യക്ഷന്റെ കാര്യം തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
പറയുന്ന തരത്തിലുളള പ്രതിസന്ധിയൊന്നും കോണ്‍ഗ്രസില്‍ ഇല്ല. തീരുമാനങ്ങള്‍ എടുക്കുകയും കാര്യങ്ങള്‍ നടന്ന് പോവുകയും ചെയ്യുന്നുണ്ട്. നാഥനില്ലാ കളി എന്ന തരത്തിലുളള പ്രതിസന്ധി കോണ്‍ഗ്രസില്‍ ഇല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ രാഹുല്‍ ഗാന്ധി തന്നെയാണ് പാര്‍ട്ടിയിലെ ചുമതല വഹിക്കുന്നത് എന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications