കശ്മിരീല്‍ വിജയം കണ്ടത് കെസി വേണുഗോപാലിന്റെ നീക്കങ്ങള്‍: പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവും
ശ്രീനഗർ: അടുത്തമാസം നടക്കാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും. ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാല്‍ തന്നെ ജമ്മു കശ്മീരിലും ഒരുമിച്ച് മത്സരിക്കുമെന്ന് ഇരു കക്ഷികളും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സീറ്റ് വീതം വെപ്പിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നത് സാഹചര്യങ്ങള്‍ അല്‍പനേരത്തേക്കെങ്കിലും സങ്കീർണ്ണമാക്കി.
മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ ഒന്നാം ഘട്ടത്തിലെ 24 സീറ്റുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസമായിരുന്നു അവസാനിക്കുന്നത്. അപ്പോഴും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടികള്‍ക്കിടയില്‍ സീറ്റ് ധാരണയുണ്ടായില്ല. പാർട്ടി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. മറുവശത്ത് സഖ്യ നീക്കം പൊളിയുമെന്ന പ്രചരണവും ശക്തമായി.

ഇതോടെയാണ് അവസാന മണിക്കൂറില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരിട്ട് ശ്രീനഗറില്‍ എത്തുന്നത്. ഇതോടെ നിർണ്ണായകമായ ചർച്ചകള്‍ക്കൊടുവില്‍ ഇരുപാർട്ടികള്‍ക്കിടയിലും സീറ്റ് വീതംവെപ്പില്‍ ധാരണയുണ്ടായി. നാഷണല്‍ കോണ്‍ഫറന്‍സ് 51, കോണ്‍ഗ്രസ് 31, സിപിഎം, പാന്തേഴ്സ് പാർട്ടി ഓരോ സീറ്റ് വീതം എന്നിങ്ങനെയാണ് വീതം വെപ്പ്.
കശ്മീർ താഴ്വരയിലെ സീറ്റുകളുടെ കാര്യത്തിലായിരുന്നു സഖ്യത്തില്‍ വിള്ളലുണ്ടായത്. മേഖലയില്‍ 10 സീറ്റുകള്‍ വേണമെന്ന ആവശ്യമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തിയിരുന്നത്. അഞ്ച് എന്ന നിലയില്‍ നാഷണല്‍ കോണ്‍ഫറന്‍സും ഉറച്ച് നിന്നുവെന്നാണ് വിവരം. ഒടുവില്‍ ഏഴ് സീറ്റ് കോണ്‍ഗ്രസിന് എന്നതില്‍ ധാരണയായി. അഞ്ച് സീറ്റുകള്‍ ഇരു പാർട്ടികള്‍ തമ്മിലുള്ള സൗഹൃദ പോരാട്ടത്തിന് വേദിയാകും.
ജമ്മു കശ്മീരിൻ്റെ ആത്മാവിനെ നശിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് പിന്നാലെ കെസി വേണുഗോപാൽ പ്രതികരിച്ചത്. മേഖലയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു സർക്കാർ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യ സഖ്യത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ ഒരുമിച്ച് പോരാടും, ഞങ്ങൾ ജമ്മു കശ്മീരിനെ വിജയിപ്പിക്കും. ജമ്മു കശ്മീരിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കും," കെസി വേണുഗോപാൽ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടനപത്രികയെ വിമർശിക്കാൻ ബി ജെപി ക്ക് ധാർമ്മിക അവകാശമില്ലെന്നും വേണുഗോപാൽ പറഞ്ഞു. "ബിജെപി നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലായിരുന്നു, അവർ പി ഡി പിയുമായും സഖ്യത്തിലായിരുന്നു. പഴയ നാഷണല്‍ കോണ്‍ഫറന്‍സ് ഇപ്പോഴും നാഷണല്‍ കോണ്‍ഫറന്‍സാണ്, പഴയ പിഡിപി ഇപ്പോഴും പിഡിപിയാണ് " അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications