ഭരണം പിടിക്കാൻ പിന്തുണ വേണോ? ബിജെപിയെ ഞെട്ടിച്ച് ടിആർഎസിന്റെ മറുപടി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷച്ചതിലും കനത്ത പോരാട്ടമാണ് തെലങ്കാനയിൽ കണ്ടത്. അനായാസ വിജയം സ്വന്തമാക്കാമെന്ന് കരുതിയ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടിആർഎസിന് കോൺഗ്രസും, ടിഡിപിയും, സിപിഐയും ഒന്നിച്ച മഹാകൂട്ടമി അപ്രതീക്ഷിത വെല്ലുവിളി ഉയർത്തി. എങ്കിലും എക്സിറ്റ് പോൾ ഫലങ്ങൾ ടിആർഎസിന് പ്രതീക്ഷ നൽകുന്നവയാണ്. മഹാകൂട്ടമിയെ തറപ്പറ്റിച്ച് ടിആർഎസ് അധികാരത്തിൽ എത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവ്വേകളുടെയും പ്രവചനം.
സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. ടിആർഎസിനെ കടന്നാക്രമിച്ച് പ്രചാരണം നടത്തിയ ബിജെപി എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ചില സഖ്യസാധ്യതകൾ തേടിയിരുന്നു. ടിആർഎസിനെ പിന്തുണയ്ക്കാമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷനെ ഞെട്ടിക്കുന്ന മറുപടിയാണ് ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

തെലങ്കാന ആർക്കൊപ്പം?
തെലങ്കാനയിൽ ടിആർഎസിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ചില സർവ്വേകൾ മഹാകൂട്ടമിയ്ക്കും സാധ്യത കൽപ്പിക്കുന്നു. 119 അംഗ നിയമസഭയാണ് തെലങ്കാനയില്‍. 60 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ടൈംസ് നൗ - സിഎൻഎക്സ് സർവ്വേ പ്രകാരം ടി ആർ എസ്: 66, കോൺഗ്രസ്+: 37, ബിജെപി: 7, മറ്റുള്ളവർ: 2 എന്നിങ്ങനെയാണ് സീറ്റുനേട്ടമെന്നാണ് പ്രവചനം.

തൂക്കു മന്ത്രിസഭയ്ക്ക്
എക്സിറ്റ് പോളുകളിൽ ചിലത് കോൺഗ്രസിന് മുൻതൂക്കവും ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് പ്രവചിക്കുന്നത്. തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഈ സാധ്യത മുതലെടുത്ത് തെലങ്കാനയിൽ കിംഗ് മേക്കറാകാനായിരുന്നു ബിജെപിയുടെ ശ്രമം. തൂക്കുമന്ത്രിസഭയാണെങ്കിൽ ടിആർഎസിന് പിന്തുണ നൽകാൻ തയാറാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ ലക്ഷ്മൺ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

നിബന്ധന
പിന്തുണ നൽകണമെങ്കിൽ ഒരു നിബന്ധന കൂടി ബിജെപി മുന്നോട്ട് വച്ചിരുന്നു. ടിആര്‍എസ് അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎമ്മുമായി ബന്ധം ഒഴിവാക്കണമെന്നാണ് നിബന്ധന. കോണ്‍ഗ്രസിനും എംഐഎമ്മിനും പിന്തുണയില്ലെന്നും ടിആര്‍എസിനെ മാത്രമേ പിന്തുണയ്ക്കൂവെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് ഒവൈസിയുടെ പിന്തുണ ടിആർഎസിനായിരുന്നു.

ബിജെപിയുടെ ബി ടിം
ബജെപിയുടെ ബി ടീം ആണ് ടിആർഎസ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയെ പ്രത്യക്ഷമായും പരോക്ഷമായും കെസിആർ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു. തെലങ്കാനയുടെ ഭരണം നിയന്ത്രിച്ചു കൊണ്ടിരുന്നത് മോദിയാണെന്നാണ് പ്രചാരണ യോഗങ്ങളിൽ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും ടിആർഎസ് എന്തിന് ബിജെപിയെ പിന്തുണച്ചുവെന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിച്ചത്.

ആരുടെയും കൂട്ട് വേണ്ട
ബിജെപിയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി വാഗ്ദാനങ്ങളെ തള്ളിക്കളയുകയാണ് ടിആർഎസ് വക്താവ് ഭാനു പ്രസാദ്. ആരുടെയും പിന്തുണയില്ലാതെ തന്നെ തങ്ങൾ അധികാരത്തിൽ എത്തും. ഭരണത്തുടർച്ചയ്ക്ക് വേണ്ട സീറ്റുകൾ ഒറ്റയ്ക്ക് നേടാമെന്ന് ആത്മവിശ്വാസം ടിആർഎസിനുണ്ടെന്ന് ഭാനി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ആരും വേണ്ട
ടിആർഎസുമായുള്ള സഖ്യ സാധ്യതകൾ മുൻപും ബിജെപി തേടിയിരുന്നു. ടിആർഎസ് നേതാക്കളുടെ അടുത്തേയ്ക്ക് പാർട്ടി അയച്ച ദൂതന്മാരെ അന്നും കെസിആർ മടക്കി അയച്ചു. മതേതര പാർട്ടിയായി നിലകൊള്ളാനാണ് ടിആർഎസ് ആഗ്രഹിക്കുന്നതെന്നായിരുന്നു കെസിആറിന്റെ മറുപടി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ കോൺഗ്രസിനേയും ബിജെപിയേയും ഒഴിവാക്കിയുള്ള മൂന്നാം മുന്നണിയാണ് കെസിആർ ലക്ഷ്യം വയ്ക്കുന്നത്.

കോൺഗ്രസിന് അടിതെറ്റും
ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് ടിഡിപിയുമായി സഖ്യം ചേർന്നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കെസിആറിനെതിരായ ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാൻ മഹാകൂട്ടമി ശ്രമിച്ചെങ്കിലും എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് ശുഭ സൂചനകൾ നൽകുന്നില്ല. കോൺഗ്രസ് 39 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം. ഒവൈസിയുടെ എംഐഎമ്മിന് എട്ട് സീറ്റുകൾ വരെ കിട്ടാനും സാധ്യതയുണ്ട്.

കോൺഗ്രസ് -ഒവൈസി സഖ്യം
ഒവൈസിയുടെ പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുള്ള സാധ്യത കോൺഗ്രസ് തള്ളിക്കളയുന്നില്ല. ബിജെപിയുമായി സഖ്യം ചേരാനായി ടിആർഎസ് ഒവൈസിയെ കൈവിട്ടാലും അവർക്ക് ഞങ്ങൾക്കൊപ്പം ചേരാമല്ലോ എന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജി എൻ റെഡ്ഡി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയിൽ ആരും കേവലഭൂരിപക്ഷം കടന്നില്ലെങ്കിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങളാകും ഉണ്ടാവുക.












Click it and Unblock the Notifications