ഡല്‍ഹിയില്‍ 'വിശ്വാസം' നേടി കെജ്‌രിവാള്‍ സർക്കാർ; 62 ൽ 54 പേരുടെ പിന്തുണ
ഡല്‍ഹി: നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേടി അരവിന്ദ് കെജ്രിവാൾ സര്‍ക്കാര്‍. 62 ആം ആദ്മി എം എൽ എമാരിൽ 54 പേരുടേയും പിന്തുണ നേടാൻ കെജ്രിവാളിന് സാധിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ 54 പേരാണ് നിയമസഭയില്‍ എത്തിയത്. തന്റെ സർക്കാരിന് മറിച്ചിടാൻ ബി ജെ പി ശ്രമിക്കുന്നുണ്ടെന്നും സർക്കാർ പരാജയപ്പെടില്ലെന്ന് കാണിക്കാനാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്നും ഇന്നലെ കെജ്രിവാൾ പറഞ്ഞിരുന്നു.
സഭയില്‍ എത്താത്ത എ എ പി എം എല്‍ എമാരില്‍ രണ്ടുപേര്‍ക്ക് അസുഖമാണെന്നും രണ്ടുപേര്‍ യാത്രയിലാണെന്നും ബാക്കിയുള്ളവര്‍ ജയിലില്‍ ആണെന്നും കെജ്രിവാൾ പറഞ്ഞു. തങ്ങളുടെ എം എൽ എമാർ ആരും കൂറുമാറിയിട്ടില്ലെന്നും എല്ലാവരും ഞങ്ങളോടൊപ്പം തന്നെ ഉണ്ടെന്നും കെജ്രിവാൾ പറഞ്ഞു.

പ്രമേയ ചർച്ചയ്ക്കിടെ ബി ജെ പിയെ കെജ്രിവാൾ കടന്നാക്രമിച്ചു. 2024-ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹി നിയമസഭ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമിക്കുമെന്ന അഭ്യൂഹം ഉണ്ടെന്നും കെജ്രിവാൾ പറഞ്ഞു. നഗരത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങളോട് ഇക്കാര്യം എ എ പി എം എൽമാർ അറിയിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്നാണ് അവർ പറയുന്നത്. എന്നെ അറസ്റ്റ് ചെയ്താൽ ഈ പാർട്ടി മരിക്കുമെന്നാണ് അവർ കരുതുന്നത്. എന്നാൽ കെജ്രിവാളിന് പിന്നിലെ ആശയത്തെ അവർ എങ്ങനെയാണ് ഇല്ലാതാക്കുക', അദ്ദേഹം ചോദിച്ചു.
വെറും 12 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഒരു പാർട്ടി, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയായി മാറി. 2024ൽ അവർ വിജയിച്ചാൽ, 2029ൽ രാജ്യത്തെ ബി ജെ പിയിൽ നിന്ന് പുറത്താക്കുന്നത് എ എ പി ആയിരിക്കും', കെജ്രിവാൾ പറഞ്ഞു. '2024ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഡൽഹി നിയമസഭ ഇല്ലാതാക്കുമെന്ന അഭ്യൂഹമാണ് അവർ ഈ ദിവസങ്ങളിൽ പ്രചരിപ്പിച്ചത്. ഞാൻ ബി ജെ പിയെ വെല്ലുവിളിക്കുന്നു. ഇക്കാര്യത്തിൽ നിങ്ങളുടെ നിലപാട് ഇന്ന് വ്യക്തമാക്കൂ, നമ്മുക്ക് തിരഞ്ഞെടുപ്പിൽ പോരാടാം, യാഥാർത്ഥ്യം നിങ്ങൾക്ക് മനസിലാകും', കെജ്രിവാൾ പറഞ്ഞു.
ആമ ആദ്മി എം എൽ മാരെ കൂറുമാറ്റാൻ ബി ജെ പി ശ്രമിക്കുന്നുണ്ടെന്നും 25 കോടി രൂപ വാഗ്ദാനം ചെയ്തു എന്നുമാണ് കെജ്രിവാൾ ആരോപിച്ചത്.












Click it and Unblock the Notifications