രാജിവെച്ചു; പക്ഷേ കെജ്രിവാള്‍ വീടൊഴിഞ്ഞില്ല
ദില്ലി: കാര്യം അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ വക്താവാണ്. സുതാര്യതയും കൃത്യനിര്‍വഹണവുമാണ് ഇഷ്ടപ്പെട്ട മുദ്രാവാക്യങ്ങള്‍. പക്ഷേ രാജിവെച്ച് മാസമൊന്നാകാറായിട്ടും ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇപ്പോഴും താമസം മുഖ്യമന്ത്രി ബംഗ്ലാവില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിനായിരുന്നു കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കേണ്ട അവസാന തീയതി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കേണ്ട തീയതി കഴിഞ്ഞിട്ടും പക്ഷേ പി ഡബ്ല്യു ഡി കെജ്രിവാളിന് നോട്ടീസ് അയച്ചിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി തന്നെ ഭരണത്തില്‍ വന്നാല്‍ തങ്ങള്‍ അപകടത്തിലാകുമോ എന്ന് പേടിച്ചാണ് പി ഡബ്ല്യു വകുപ്പ് മുന്‍ മുഖ്യമന്ത്രിക്ക് നോട്ടീസയക്കാത്തത്.

ഫെബ്രവരി 14 നാണ് ദില്ലി മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള്‍ രാജിവെച്ചത്. സ്ഥാനമൊഴിഞ്ഞ് 15 ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണം എന്നാണ് ചട്ടം. എന്നാല്‍ കെജ്രിവാള്‍ ഇതുവരെ വീട് ഒഴിയുകയോ ഇക്കാര്യം പി ഡബ്ല്യു ഡി വകുപ്പിനെ അറിയിക്കുകയോ ചെയ്തിട്ടില്ല. കെജ്രിവാളിന് തുടര്‍ന്നും ഇതേ വീട്ടില്‍ താമസിക്കണം എന്നുണ്ടെങ്കില്‍ പി ഡബ്ല്യു ഡി വകുപ്പിന്റെ അനുവാദം വേണം. മാത്രമല്ല, മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ വാടകയും കൊടുക്കേണ്ടിവരും.
ആദ്യം ഔദ്യോഗിക വസതിയേ വേണ്ട എന്ന് പറഞ്ഞ കെജ്രിവാള്‍ പിന്നീട് ഔദ്യോഗിക വസതിയായി ബംഗ്ലാവ് വേണ്ട എന്ന് വാക്കുമാറ്റിയിരുന്നു. ഇതിനിടയില്‍ താമസിക്കാനായി കണ്ട് പിടിച്ച ഇരുനില ബംഗ്ലാവ് പൊതുജനങ്ങളുടെ പ്രതിഷേധം കാരണം കെജ്രിവാള്‍ മാറിയിരുന്നു. കെജ്രിവാള്‍ സ്വന്തമായി കണ്ടെത്തിയ ഈ ഇരുനില ബംഗ്ലാവ് സര്‍ക്കാരാണ് തന്നതെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല എന്നുമായിരുന്നു അദ്ദേഹം വിശദീകരിച്ചത്.












Click it and Unblock the Notifications