കൊലയാളി, മന്ദബുദ്ധി; കെജ്രിവാള്‍ ട്വിറ്റർ വിവാദം
ദില്ലി:ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ട്വിറ്റര്‍ പോസ്റ്റ് കെജ്രിവാള്‍ റിട്വീറ്റ് ചെയ്തത് വിവാദമാകുന്നു. നരേന്ദ്ര മോഡിയെ കൊലയാളിയെന്നും രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്നും വിശേഷിപ്പിക്കുന്ന ട്വീറ്റ് ആണ് കെജ്രിവാള്‍ റി ട്വീറ്റ് ചെയ്തത്.
സംഗീത സംവിധായകനും കെജ്രിവാളിന്റെ ആരാധകനുമായ വിശാല്‍ ദാഡ്‌ലാനിയാണ് മോഡിയേയും രാഹുലിനേയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരമാര്‍ശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ഒരു കൊലയാളിക്കും മന്ദ ബുദ്ധിക്കും ഇടയില്‍ കുടുങ്ങിക്കിടക്കുന്നു... ഇന്ത്യ, ഇനി എന്ത്' എന്നായിരുന്നു ദഡ്‌ലാനിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖം ഒരു ദേശീയ വാര്‍ത്ത ചാനല്‍ സംപ്രേഷണം ചെയ്തതിന് തൊട്ട് പിറകേയായിരുന്നു ട്വീറ്റ്. കെജ്രിവാള്‍ ഈ ട്വീറ്റ് തന്റെ സ്വന്തം അക്കൗണ്ടില്‍ റി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ദഡ്‌ലാനി ഇതിന് മുമ്പും രാഹുലിനും മോഡിക്കും എതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ കെജ്രിവാള്‍ എന്തിനാണ് ഇത്തരമൊരു പരാമര്‍ശത്തെ തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നാണ് ചോദ്യം.
എന്താണ് ട്വീറ്റ് ചെയ്യുന്നത് എന്നത് സംബന്ധിച്ച് കെജ്രിവാളിന് നല്ല ബോധ്യം ഉണ്ടാകണം എന്ന് ബിജെപി നേതാവ് നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ഇങ്ങനെയൊരു പരാമര്‍ശത്തെ റി ട്വീറ്റ് ചെയ്യേണ്ട ഒരാവശ്യവും കെജ്രിവാളിന് ഉണ്ടയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
എന്തായാലും തന്റെ ട്വിറ്റര്‍ അഭിപ്രായത്തെ കുറിച്ച് പ്രതികരിക്കാന്‍ കെജ്രിവാള്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications