കെജ്രിവാളിന്റെ രാജി പ്രഖ്യാപനം; അടുത്ത ഡൽഹി മുഖ്യമന്ത്രി അതിഷിയോ?, ചർച്ചകൾ ഇങ്ങനെ
ഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. രണ്ട് ദിവസത്തിനുള്ളിൽ താൻ രാജിവെയ്ക്കുമെന്നും ഇനി ജനവിധി അറിഞ്ഞാലെ മുഖ്യമന്ത്രിപദത്തിലേക്ക് തിരികെ വരികയുള്ളൂവെന്നുമാണ് കെജ്രിവാൾ വ്യക്തമാക്കിയത്. കെജ്രിവാൾ രാജി വെച്ചാൽ ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രിയെന്ന ചർച്ചകൾ ഇതോടെ സജീവമായിരിക്കുകയാണ്.
കെജ്രിവാൾ കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമൻ മനീഷ് സിസോദിയ ആണ്. എന്നാൽ മദ്യനയക്കേസിൽ ജയിൽ വാസം അനുഭവിച്ച സിസോദിയയും ഇനി താൻ ജനവിധി അറിയാതെ മന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഡൽഹിയെ നയിക്കാൻ വനിത മുഖ്യമന്ത്രിയെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതിഷിയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. മനീഷ് സിസോദിയയും കെജ്രിവാളും ജയിലിൽ ആയിരുന്നപ്പോൾ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് അതിഷിയായിരുന്നു.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്ന അതിഷി ആം ആദ്മിയെ രൂപപ്പെടുത്തുന്നതിൽ തന്നെ നിർണായക പങ്ക് വഹിച്ച നേതാവാണ്. നിലവിലെ സർക്കാരിൽ ധനകാര്യം, ആസൂത്രണം, പിഡബ്ല്യുഡി, ജലം, വൈദ്യുതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടിടിഇ, പബ്ലിക് റിലേഷൻസ്, വിജിലൻസ് എന്നിങ്ങനെ നിരവധി സുപ്രധാന വകുപ്പുകൾ അതിഷിയാണ് കൈകാര്യം ചെയ്യുന്നത്. ഏകദേശം 11 ഓളം വകുപ്പുകളാണ് അതിഷിക്ക് കീഴിലുള്ളത്.
2023 ലെ പുനഃസംഘടനയിലാണ് അതിഷി മന്ത്രിസഭയിൽ ഇടംപിടിച്ചത്. വിവിധ കേസുകളിൽ അറസ്റ്റിലായതിന് പിന്നാലെ സിസോദിയയും മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചതിന് തുടർന്നായിരുന്നു അതിഷി മന്ത്രിസഭയിൽ എത്തിയത്.കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർട്ടിയുടെ നിർണായക ചുമതലകളെല്ലാം വഹിച്ചിരുന്നതും അതിഷിയായിരുന്നു. കൽക്കജ് മണ്ഡലത്തിൽ നിന്നാണ് അതിഷി തിരഞ്ഞെടുക്കപ്പെട്ടത്.
ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ കെജ്രിവാളിന്റെ രാജിക്ക് പിന്നാലെ ബിജെപിയെ അതിരൂക്ഷമായി വിമർശിച്ച് അതിഷി രംഗത്തെത്തി.ബിജെപിക്ക് തിരഞ്ഞെടുപ്പിനെ ഭയമാണെന്ന് അവർ ആഞ്ഞടിച്ചു.
'കഴിഞ്ഞ രണ്ട് വർഷമായി എഎപിയെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും ബിജെപി വിട്ടിട്ടില്ല .ആയിരക്കണക്കിന് റെയ്ഡുകൾ നടത്തിയെങ്കിലും അഴിമതിയുടെ ഒരു തെളിവ് പോലും ബിജെപിക്ക് കണ്ടെത്താനായിട്ടില്ല. തിരഞ്ഞെടുപ്പിനെ ബിജെപി ഭയപ്പെടുകയാണ്. കെജ്രിവാളിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിൽ ജനങ്ങൾ രോഷാകുലരാണെന്ന് അവർക്ക് അറിയാം. ജനങ്ങളുടെ ഈ അമർഷം തിരഞ്ഞെടുപ്പിൽ പ്രകടമാവും എന്നതിനാലാണ് അവർക്ക് തിരഞ്ഞെടുപ്പ് വേണ്ടാത്തത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് ഒരു സീറ്റ് പോലും നൽകില്ല. 70ൽ 70 സീറ്റും ആം ആദ്മി പാർട്ടിക്ക് ലഭിക്കും', അതിഷി പറഞ്ഞു.
ഫെബ്രുവരിയിലാണ് ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഈ നവംബറിൽ തന്നെ ഡൽഹിയും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കെജ്രിവാളും ആം ആദ്മിയും ഉയർത്തിയിട്ടുണ്ട്.












Click it and Unblock the Notifications