വ്യവസായികളെ ക്ഷണിക്കാന്‍ മുഖ്യമന്ത്രി തെലങ്കാനയില്‍; കിറ്റക്‌സിന് മറുപടിയോ, 20 ലക്ഷം തൊഴില്‍
ഹൈദരാബാദ്: സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി തെലങ്കാനയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകുന്നേരം ഹൈദരാബാദില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചര്‍ച്ചയില്‍ തെലങ്കാനയിലെ അമ്പതിലധികം പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന ആരോപണവുമായി കിറ്റക്സ് കമ്പനി സംസ്ഥാനം വിട്ടു തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയില്‍ നിന്ന് കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി നേരിട്ട് തെലങ്കാനയിലെത്തിയിരിക്കുന്നത്.
സാങ്കേതികം, ഫാര്‍മസ്യൂട്ടിക്കല്‍, ബയോ ടെക്നോളജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപകരുമായാണ് പ്രധാനമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഈ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. സിഐഐ, ക്രെഡായി, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പ്രതിനിധികള്‍, വിവിധ മേഖലകളിലെ നിക്ഷേപകര്‍ അടക്കമുള്ളവരാണ് ചര്‍ച്ചയില്‍പങ്കെടുത്ത്. വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍വത്കരണം, നടപടി ക്രമങ്ങളിലെ ലളിതവത്കരണം തുടങ്ങിയ സംസ്ഥാന വ്യാവസായ മേഖലയിലെ സവിശേഷതകളാണ് കേരള സര്‍ക്കാര്‍ പ്രധാനമായും നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റ് അംഗങ്ങളായ ജോണ്‍ ബ്രിട്ടാസും അയോധ്യ റാമി റെഡ്ഡി അല്ലയും പ്രതിനിധികളെ അഭിസംബോധന ചെയ്തു.

ഇന്ന് വൈകുന്നേരം അഞ്ചിന് ഹൈദരാബാദിലെ ഹോട്ടല്‍ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഇന്‍ഡസ്ട്രിസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, കേരള ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ മൈലവരപ്പ് തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തത്. കേരളത്തിന്റെ വ്യവസായ അന്തരീക്ഷവും സാധ്യതകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചയില്‍ വിശദീകരിച്ചു. വിവിധ പരിപാടികള്‍ക്ക് ശേഷം ഞായറാഴ്ച മുഖ്യമന്ത്രിയും സംഘവും തലസ്ഥാനത്ത് തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത് നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എന്നാല്‍ ഹൈദരാബാദിലെ നിക്ഷേപ സംഗമം കിറ്റക്സിന് മറുപടിയല്ലെന്നും അവരുമായി ബന്ധപ്പെട്ട ഒന്നും ഇതില്‍ കാണേണ്ടതില്ലെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേര്‍ത്തു. കിറ്റക്സ് തെലുങ്കാനയിലേക്ക് പോയ സാഹചര്യത്തില്‍ അവിടെ നിന്ന് നിക്ഷേപകരെ കൊണ്ടുവരുന്നത് കിറ്റക്സിനുള്ള മറുപടിയാണോ എന്ന മാധ്യമപ്രര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വ്യവസായ മന്ത്രി.
സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിറകേയില്ല. തെലങ്കാനയില്‍ നിന്ന് മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമടക്കം നമുക്ക് നല്ല രീതിയിലുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. കേരളത്തിലെ സംരംഭകരും നന്നായി സഹകരിക്കുന്നുണ്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംഗമത്തിലേക്കുള്ള എല്ലാ പ്രസന്റേഷനുകളും വ്യവസായ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. കെ എസ് ഐ ഡി സി തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. കൂടുതല്‍ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കാന്‍ ഇത് സഹായകരമാവകുമെന്നാണ് കരുതുന്നത്. ഹൈദരാബാദില്‍ ആവശ്യമായ പ്രചാരണം നടന്നിരുന്നു. നേരത്തെ തന്നെ അവിടെ മുന്നൊരുക്കവും ആരംഭിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിലൂടെ സംസ്ഥാനത്ത് ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദരാബാദില്‍ പറഞ്ഞു. വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഗമത്തിന് മുമ്പ് മുഖ്യമന്ത്രി തെലങ്കാനയിലെ ഐ ടി, ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ നിക്ഷേപ പദ്ധതികള്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി സംസ്ഥാനത്തെ നിക്ഷേപ സാധ്യതകള്‍ വിശദീകരിച്ചു. സദ്ഭരണത്തിലും വ്യവസായ സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications