സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍; 'രണ്ട് ജഡ്ജിമാരാണോ ഇതൊക്കെ തീരുമാനിക്കുന്നത്?'
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ കൈകാര്യം ചെയ്യാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീം കോടതി വിധി കടന്നുകയറ്റമാണ് എന്നും അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ െൈടംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയം തമിഴ്നാട്ടിലേത് പോലെ അല്ല എന്ന് ആര്‍ലേക്കര്‍ പറഞ്ഞു. 'അത് വ്യത്യസ്തമായ കാര്യമാണ്. ഗവര്‍ണര്‍ക്ക് ബില്ലുകള്‍ തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ആ നിരീക്ഷണം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ കോടതി പറയുന്നത ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്യണം എന്നാണ്. അങ്ങനെ ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ല,' അദ്ദേഹം പറഞ്ഞു.

ഈ വിഷയം കേട്ട ബെഞ്ച് ഇത് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതായിരുന്നു എന്നും അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഇന്ന് സുപ്രീം കോടതി ഒരു മാസമോ മൂന്ന് മാസമോ ആകട്ടെ, സമയപരിധി വേണമെന്ന് പറഞ്ഞാല്‍ അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.
ഭരണഘടനാ ഭേദഗതി കോടതിയാണ് നടത്തുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്താനുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭേദഗതിയെ അനുകൂലിച്ച് നിങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. സുപ്രീംകോടതിയില്‍ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ വ്യവസ്ഥയുടെ വിധി തീരുമാനിക്കുന്നത്.
'ഇവിടെ ജുഡീഷ്യറിയുടെ അതിരുകടന്നു. അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നത് എനിക്ക് മനസിലാകും, പക്ഷേ അത് പാര്‍ലമെന്റ് തീരുമാനിക്കണം. തമിഴ്നാട് ഗവര്‍ണര്‍ക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകള്‍ ഉണ്ട്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ കെട്ടിക്കിടക്കുന്നില്ലേ?', അദ്ദേഹം ചോദിച്ചു.
അതിന് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടെങ്കില്‍ ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അത് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ ബില്ലുകളൊന്നും തീര്‍പ്പാക്കാതെ കിടക്കുന്നില്ലെന്നും രാജ്ഭവനിലേക്ക് അയച്ച ബില്ലുകളെക്കുറിച്ച് ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'ചില ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. ഭരണഘടനയുടെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രപതി അനുമതി നിഷേധിച്ചിട്ടുണ്ട്. പ്രശ്‌നം അവിടെ അവസാനിച്ചു. നിലവില്‍ രാജ്ഭവന് മുന്നില്‍ ബില്ലുകളൊന്നും തീര്‍പ്പാക്കാതെ കിടക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത് എന്നും ഇതുവരെ തങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവ പരിഹരിക്കുകയും ചെയ്തു. നമ്മുടെ മുന്നിലുള്ള പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും പരിഹാരമുണ്ടെന്നതാണ് എന്റെ വാദം. ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുക എന്നതാണ് ഏക ആവശ്യം. നമ്മള്‍ ഇരുന്ന് ചര്‍ച്ച ചെയ്താല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും, ആര്‍ലേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications