ഇന്ന് മാത്രം 39 കേസുകൾ!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കേരളം
തിരുവനന്തപുരം; കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. ഇന്ന് മാത്രം 39 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും ഇന്നാണ്. കൊല്ലം ജില്ലയിലും ആദ്യ കൊവിഡ് കേസ് ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. മാത്രമല്ല പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമായി കേരളം മാറി.

മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ നേരത്തേ റിപ്പോർട്ട് ചെയ്തത്. നിലവിൽ 135 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 5 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. വിദർഭ മേഖലയിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാജ്യത്ത് 100 ഓളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് 809 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ആന്ധ്രാപ്രദേശിൽ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ വെള്ളിയാഴ്ച മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 29 ആയി. തെലങ്കാനയിൽ 59 പേർക്കും കർണാടകത്തിൽ 55 പേർക്കും ഗുജറാത്തിൽ 43 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രാജസ്ഥാൻ (41), ഉത്തർപ്രദേശ് (47), ദില്ലി (39), പഞ്ചാബ് (38), ഹരിയാന (14), മധ്യപ്രദേശ് (20), ലഡാക് (13), ജമ്മു ആന്റ് കാശ്മീർ (18), പശ്ചിമബംഗാൾ (10),ചണ്ഡീഗഡ് (7). ഛത്തീസ്ഗഡ് (6). ഉത്തരാഖണ്ഡ് (5), ബിഹാർ (9). ഹിമാചൽപ്രദേശ് (3), ഒഡിഷ (2), ഗോവ (3) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗ ബാധിതരുടെ എണ്ണം. രാജ്യത്ത് 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് കർണാടകത്തിലെ തുംകുരുവിൽ 65 കാരൻ കൊറോണ സ്ഥിരീകരിച്ച് മരിച്ചിരുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. മഹാരാഷ്ട്രയിലും മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തിൽ 3 പേരും മധ്യപ്രദേശ്, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ദില്ലി, പശ്ചിമബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ ഓരോ മരണങ്ങൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications