'ഭീകരതയുടെ കേരള മാതൃക'; ഹര്‍ഷയുടെ കൊലപാതകത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി തേജസ്വി സൂര്യ
ബംഗളൂരു: കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി ബി ജെ പി നേതാവും എംപിയുമായ തേജസ്വി സൂര്യ രംഗത്ത്. ഭീകരതയുടെ കേരള മോഡല്‍ കര്‍ണാടകയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യുകയാണെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ മരണത്തിന് കാരണം വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദമാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട തേജസ്വി സൂര്യ, ബി ജെ പിയുടെ യുവജനവിഭാഗം പ്രവര്‍ത്തകര്‍ക്കൊപ്പം മരിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ ജിംഗഡെയുടെ ശിവമോഗയിലെ വീട് സന്ദര്‍ശിച്ചു. ഐ പി സി പ്രകാരം കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല, ഇത് തീവ്രവാദ കേസായി കണക്കാക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതയുള്ള എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും ശിവമോഗ പോലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെടുന്നെന്ന് ബെംഗളൂരു സൗത്തില്‍ നിന്നുള്ള എംപി കൂടിയായ തേജസ്വി സൂര്യ പറഞ്ഞു.

ബി ജെ വൈ എം പ്രവര്‍ത്തകര്‍ക്കൊപ്പം ഹര്‍ഷയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരയായിരുന്നു അദ്ദേഹം. പി എഫ് ഐ ( പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ), എസ് ഡി പി ഐ ( സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ), സി എഫ് ഐ ( കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ) തുടങ്ങിയ സംഘടനകള്‍ കര്‍ണാടകയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃകയാണിത്- തേജസ്വി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കീഴില്‍ ആവശ്യമായ വിഭവങ്ങളുമായി ഒരു പ്രത്യേക ഏജന്‍സി സ്ഥാപിക്കാന്‍ ഞാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നെന്നും തേജസ്വി പറഞ്ഞു. അതേസമയം, ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ ആറ് പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, ആഷിഫുള്ള ഖാന്‍, റെഹാന്‍ ഖാന്‍, നെഹാല്‍, അബ്ദുള്‍ അഫ്‌നാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 വയസ്സുള്ള കാഷിഫ് ഒഴികെ എല്ലാവരും 20 നും 22 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെല്ലാം ശിവമോഗ സ്വദേശികളാണെന്ന് ശിവമോഗ എസ് പി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഇതിനിടെ, നിരവധി പ്രദേശങ്ങളില്‍ നിന്ന് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജില്ലയില്‍ നിലവിലുള്ള കര്‍ഫ്യൂ രണ്ട് ദിവസത്തേക്ക് കൂടി ഭരണകൂടം നീട്ടി. ഞായറാഴ്ച രാത്രി കൊലപാതകം പുറത്തറിഞ്ഞത് മുതല്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥയാണ്.

തന്റെ മകനെ മുസ്ലീം അക്രമികള്‍ കൊലപ്പെടുത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായതുകൊണ്ടാണെന്ന് ഹര്‍ഷയുടെ പിതാവ് ആരോപിച്ചിരുന്നു. ഫെബ്രുവരി 20 ന് ആണ് ഹര്‍ഷ കൊല്ലപ്പെട്ടത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരുന്നു. തിങ്കളാഴ്ച, ഹര്‍ഷയുടെ മരണവുമായി ബന്ധപ്പെട്ട് ശിവമോഗയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാര്‍ കല്ലെറിയാനും ആയുധങ്ങള്‍ വീശാനും വാഹനങ്ങള്‍ കത്തിക്കാനും തുടങ്ങിയിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടുപോകാതിരിക്കാന്‍, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നിരുന്നു.












Click it and Unblock the Notifications