വിദ്വേഷം വളര്‍ത്തുന്നു, വളച്ചൊടിച്ച വസ്തുതകള്‍; കേരള സ്റ്റോറി നിരോധനത്തെ ന്യായീകരിച്ച് ബംഗാള്‍
കൊല്‍ക്കത്ത: കേരള സ്‌റ്റോറിക്കെതിരായ നിരോധനത്തില്‍ മറുപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിദ്വേഷ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് ചിത്രത്തിനുള്ളത്. വളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സമൂഹത്തില്‍ മതസൗഹാര്‍ദം ഇല്ലാതാക്കും.
സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്നും കോടതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ എന്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറിയെ നിരോധിച്ചുവെന്നും, പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയെന്നും ചോദിച്ചിരുന്നു. നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി രൂക്ഷമായ ചോദ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാരിനോട് ചോദിച്ചത്.

ബംഗാള്‍ മാത്രമല്ല തമിഴ്‌നാട് സര്‍ക്കാരിനോടും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ബംഗാളിലെ തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കേരള സ്റ്റോറിയുടെ പ്രദര്‍ശനം നയിച്ചേക്കാം. അതുകൊണ്ട് സിനിമ പ്രദര്‍ശപ്പിക്കാനാവില്ല. സംസ്ഥാനത്ത് അക്രമങ്ങളും, വിദ്വേഷവും തടയുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.
കല്‍ക്കത്ത ഹൈക്കോടതിക്ക് ബംഗാളിലെ സാഹചര്യം കൃത്യമായി അറിയാം. അതുകൊണ്ട് ഈ വിഷയത്തില്‍ കൃത്യമായ നിലപാടാണ് എടുത്തതെന്നും ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ ഈ വിഷയത്തില്‍ മമതയ്‌ക്കെതിരെ രംഗത്ത് വന്നു. യാഥാര്‍ത്ഥ്യത്തോട് കണ്ണടയ്ക്കുകയാണ് മമതയെന്ന് മജുംദാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരും സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. കേരളാ സ്‌റ്റോറിക്ക് തമിഴ്‌നാട്ടില്‍ നിരോധനമില്ലെന്ന് ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയെന്ന അണിയറപ്രവര്‍ത്തകരുടെ വാദം തെറ്റാണ്. നിരോധിച്ചു എന്ന വാദം പബ്ലിസിറ്റിക്ക് വേണ്ടി പറയുന്നതാണ്.
തിയേറ്റര്‍ ഉടമകള്‍ അവരുടെ ഇഷ്ടപ്രകാരമാണ് സിനിമയുടെ സ്‌ക്രീനിംഗ് നിര്‍ത്തിയത്. ചിത്രത്തില്‍ അറിയപ്പെടുന്ന താരങ്ങള്‍ ആരുമില്ല. തിയേറ്ററില്‍ അതുകൊണ്ട് ചിത്രം കാണാനും ആരുമില്ല. ആളുകള്‍ക്ക് സിനിമ കാണാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് തിയേറ്ററുകളില്‍ നിന്ന് നീക്കിയതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
മെയ് അഞ്ചിന് 19 മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം റിലീസ് ചെയ്തതാണ്. ചിത്രത്തെ ഒരിക്കലും നിരോധിച്ചിട്ടില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു. നേരത്തെ തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ക്ക്, തിയേറ്ററിന് നേരെയുള്ള ആക്രമണം ഭയന്നും, പ്രേക്ഷക പ്രതികരണം മോശമായതിനാലും സിനിമ തിയേറ്ററില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അതേസമയം ചിത്രം ഇറങ്ങിയത് മുതല്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്.
ചിത്രത്തിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് 32000 സ്ത്രീകള്‍ എന്നത് മൂന്നാക്കി അണിയറപ്രവര്‍ത്തകര്‍ മാറ്റിയിരുന്നു. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, മഹാരാഷ്ട്രയിലുമെല്ലാം ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications