വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിനേക്കാള്‍ നല്ലത് കൊലപാതകമാണെന്ന് കരുതി; സിയയുടെ കുറ്റസമ്മതം
പൂനെ: പ്രതിശ്രുത വരനും ബിസിനസുകാരനമായ കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് സിയ ഗോയല്‍. കേതനുമായി നവംബറില്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിനേക്കാള്‍ എളുപ്പം കൊലപാതകമാണ് എന്ന് തോന്നിയതിനാലാണ് കൃത്യം നടത്തിയത് എന്ന് സിയ പൂനെ റൂറല്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിയ ഗോയലിന്റെയും കാമുകന്‍ ചേതന്‍ ചൗധരിയുടെയും ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത കോണുകള്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സിയയുടെ കുറ്റസമ്മതം. ജൂണ്‍ 18 ന് ലോഹഗഡ് കോട്ടയിലെ ഒരു പാറക്കെട്ടില്‍ നിന്ന് വീണാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റായ കേതന്‍ അഗര്‍വാള്‍ മരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇതൊരു അപകട മരണമാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസ്.

എന്നാല്‍ പിന്നീട് കേതന്റെ സഹോദരിയുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് പ്രതിശ്രുത വരനെ കൊലപ്പെടുത്താന്‍ സിയ തീരുമാനിച്ചത്. കാമുകനായ ചേതന്റെ സഹായത്താലാണ് സിയ കൃത്യം നടത്തിയത്. നവംബറിലായിരുന്നു സിയ-കേതന്‍ വിവാഹം നിശ്ചയിച്ചിരുന്നത്. കോടികള്‍ പൊടിച്ചുള്ള ആഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തുടങ്ങിയിരുന്നു.
വിവാഹത്തില്‍ നിന്ന് പിന്മാറിയാലുണ്ടായ പ്രത്യാഘാതങ്ങള്‍ ഭയന്നും കുടുംബത്തെ നേരിടാനാകില്ല എന്ന് കരുതിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സിയ പറയുന്നത്. കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ വിവാഹം ഉപേക്ഷിക്കുന്നതിനുപകരം തന്റെ ഭാവി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചതായി സിയ വെളിപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കേസ് അന്വേഷിക്കുന്നതിനായി പൂനെ, ലോണാവാല പോലീസ് ആറ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സിയ ഗോയലിന്റെ മാതാപിതാക്കള്‍ ലോണാവാല സിറ്റി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. സഹോദരന്‍ സാഹിലിനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. ചേതന്‍ ചൗധരിയെ തനിക്ക് അറിയാമെന്നും ഒരു ക്രിക്കറ്റ് മത്സരത്തിനിടെ തന്റെ സഹോദരി അദ്ദേഹത്തെ കണ്ടിരുന്നുവെന്നും സാഹില്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു സുഹൃത്തിന്റെ ദീപാവലി പാര്‍ട്ടിയില്‍ കണ്ടുമുട്ടിയതിനെത്തുടര്‍ന്ന് അവര്‍ കൂടുതല്‍ അടുത്തു. ജനുവരി മുതല്‍ 2,000-ത്തിലധികം തവണ സംസാരിച്ചതായും ആകെ 238 മണിക്കൂര്‍ കോള്‍ ചെയ്തതായും അവരുടെ കോള്‍ രേഖകള്‍ സൂചിപ്പിക്കുന്നു. അതേസമയം സിയ ഗോയലിന്റെ മാതാപിതാക്കള്‍ ചൗധരിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഈ മൊഴി നിഷേധിച്ചിരുന്നു.
അവരുടെ അഭിഭാഷകന്‍ ചൗധരിയെ ഒരു 'സുഹൃത്ത്' എന്നാണ് വിശേഷിപ്പിച്ചത്. കൊലപാതക കേസില്‍ ഇരുവരുടെയും പങ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും ഗൂഢാലോചന തെളിയിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇല്ലാതാക്കിയ ഡാറ്റ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇരു കുടുംബങ്ങളുമായും വിവാഹം ഉറപ്പിച്ച ബ്രോക്കര്‍മാരേയും അന്വേഷകര്‍ ചോദ്യം ചെയ്യുന്നുണ്ട്.
വിവാഹം ഒഴിവാക്കാനും, ചേതനുമായുള്ള ബന്ധം വിള്ളലുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമായി ഇരുവരും ചേര്‍ന്നു നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന നിഗമനത്തിലാണ് പൂനെ റൂറല്‍ പൊലീസ്. ഫെബ്രുവരിയിലായിരുന്നു കേതനുമായുള്ള സിയയുടെ വിവാഹനിശ്ചയം വീട്ടുകാര്‍ നടത്തിയത്. എന്നാല്‍ ഈ വിവാഹബന്ധത്തിന് ഒട്ടും താത്പര്യമില്ലാതിരുന്ന സിയ, കേതന്റെ മരണം വഴി വിവാഹം കുറച്ചുകാലത്തേക്ക് നീട്ടിവെയ്ക്കാമെന്ന് കണക്കുകൂട്ടി.
സംഭവം നടന്ന ജൂണ്‍ 18 ന് കേതനും സിയയും ലോഹഗഡ് കോട്ട സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. ഇവിടെ വെച്ച് കോട്ടയുടെ മുകളില്‍ നിന്ന് കാലുതെന്നി കേതന്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് സിയ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സഹോദരിയുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് കോട്ടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു.
ഈ പരിശോധനയില്‍ കേതനെയും സിയയെയും ചേതന്‍ ചൗധരി നിരന്തരം പിന്തുടരുന്നതായി കണ്ടെത്തി. ഡിജിറ്റല്‍ തെളിവുകളിലൂടെയാണ് പിന്തുടര്‍ന്നത് ചേതനാണെന്ന് പൊലീസ് ഒടുവില്‍ സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കൊലപാതക കേസിലെ നിഗൂഢതകള്‍ ഓരോന്നായി ചുരുളഴിക്കാന്‍ പൊലീസ് അത്യാധുനിക മാര്‍ഗങ്ങളാണ് സ്വീകരിച്ചത്.
മരണത്തിലേക്ക് നയിച്ച വീഴ്ചയുടെ കൃത്യമായ വ്യാപ്തിയും രീതിയും കണ്ടെത്താനായി കേതന്റെ അതേ വലുപ്പമുള്ള ഡമ്മി ഉപയോഗിച്ച് പൊലീസ് സംഭവസ്ഥലത്ത് ഒരു പുനരാവിഷ്‌കാരം നടത്തിയിരുന്നു. ഈ ഡമ്മി പരിശോധനയിലൂടെ സാധാരണ രീതിയിലുള്ള ഒരു തെന്നിവീഴലല്ല അവിടെ നടന്നതെന്നും, കേതനെ മനഃപൂര്‍വം തള്ളിയിട്ടതാണെന്നും വ്യക്തമാക്കുന്ന കൂടുതല്‍ നിര്‍ണായകമായ സൂചനകള്‍ പോലീസിന് ലഭിച്ചു.
പ്രതികളായ സിയയും ചേതന്‍ ചൗധരിയും തമ്മില്‍ ദീര്‍ഘനാളായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിയയുടെ വിവാഹനിശ്ചയത്തിന് ആഴ്ചകള്‍ക്ക് മുന്‍പ്, അതായത് ജനുവരിയില്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉദയ്പൂരിലേക്ക് ഒരു വിനോദയാത്ര നടത്തിയിരുന്നതായും ദിവസങ്ങളോളം ഒരുമിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.















Click it and Unblock the Notifications