കെജിഎഫ് താരമാണ് എന്നറിഞ്ഞതോടെ എല്ലാം വേഗത്തിലായി; നടി മാളവിക അവിനാശ് പെട്ട കുരുക്ക്
മുംബൈ: പ്രമുഖ കന്നഡ നടി മാളവിക അവിനാശിന്റെ ഫോണ്‍ നമ്പറില്‍ നിന്ന് മോശം സന്ദേശങ്ങള്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസം ട്രായ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോഴാണ് നടി ഇക്കാര്യം അറിഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ ഒരു നമ്പര്‍ എടുത്തിട്ടില്ലെന്ന് നടി മറുപടി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിക്കാന്‍ മടിച്ചു.
കന്നഡ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെജിഎഫ് ഒന്ന്, രണ്ട് സിനിമകളിലൂടെയാണ് മാളവിക അവിനാശ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും താരപ്രഭ വര്‍ധിച്ചതും. കാര്‍ത്തി നായകനായ കൈതി എന്ന സൂപ്പര്‍ തമിഴ് ചിത്രത്തിലും അവര്‍ വേഷമിട്ടിരുന്നു. കൂടാതെ മറ്റു തമിഴ് ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. എന്താണ് നടിക്ക് ഇപ്പോള്‍ സംഭവിച്ചതെന്ന് വിശദീകരിക്കാം...

ടെലികോം അതോറിറ്റി (ട്രായ്) യില്‍ നിന്ന് കഴിഞ്ഞ ദിവസം മാളവികയ്ക്ക് ഫോണ്‍ വന്നു. ഏകദേശം രാവിലെ 8.30നാണ് കോള്‍ വന്നതെന്ന് മാളവിക പറയുന്നു. രണ്ട് മണിക്കൂറിനകം മൊബൈല്‍ നമ്പര്‍ ഉപയോഗ ശൂന്യമാകുമെന്നായിരുന്നു വിവരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9 എന്ന നമ്പറിലേക്ക് വിളിക്കാനും ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നത് എന്ന് താരത്തിന് ആദ്യം മനസിലായില്ല.
മാളവികയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്ത ഫോണ്‍ നമ്പറുകളെല്ലാം മരവിപ്പിക്കാനാണ് ട്രായ് തീരുമാനിച്ചത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ പതിവായി ഉപയോഗിക്കുന്ന നമ്പറും നഷ്ടമാകും. നടിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബൈയിലെ ഘട്‌കോപാറില്‍ ഒരു സിം എടുത്തിട്ടുണ്ടെന്നും ആ നമ്പറില്‍ നിന്ന് വ്യാപകമായി മോശം കോളുകളും സന്ദേശങ്ങളും പോകുന്നുണ്ടെന്നുമാണ് ട്രായ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
ഈ സാഹചര്യത്തിലാണ് നടിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്ത എല്ലാ നമ്പറും കട്ട് ചെയ്യാന്‍ ട്രായ് തീരുമാനിച്ചത്. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു. ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു. മൊബൈല്‍ നമ്പറുകള്‍ നഷ്ടമാകാതിരിക്കാന്‍ മുംബൈ പോലീസിനെ ബന്ധപ്പെടാനുള്ള നിര്‍ദേശവും ട്രായില്‍ നിന്ന് ലഭിച്ചു.
മുംബൈ പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ പരുക്കമായിട്ടാണ് ആദ്യം പ്രതികരിച്ചത്. ട്രായില്‍ നിന്നുള്ള വിവരങ്ങളെല്ലാം പങ്കുവച്ചെങ്കിലും മുംബൈയില്‍ നേരിട്ടെത്തി പരാതി നല്‍കാന്‍ പോലീസ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. മുംബൈയിലേക്ക് വരാന്‍ പ്രയാസമുണ്ടെന്ന് നടി വ്യക്തമാക്കി. സ്‌കൈപ്പില്‍ വീഡിയോ കോള്‍ ചെയ്ത് മൊഴി കൊടുക്കാന്‍ പോലീസുകാരന്‍ പറഞ്ഞു.
താന്‍ നടിയാണെന്നും തെറ്റായ വഴിയില്‍ സിം എടുത്തിട്ടില്ലെന്നും മാളവിക പോലീസുകാരനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ചെവികൊണ്ടില്ല. തുടര്‍ന്ന് സ്‌കൈപ്പ് ഐഡി തയ്യാറാക്കി വിളിക്കാന്‍ തീരുമാനിച്ചു. വീഡിയോ കോളില്‍ വന്നപ്പോഴാണ് പോലീസ് ഓഫീസര്‍ക്ക് മാളവികയെ മനസിലായത്. കെജിഎഫ് താരമല്ലേ എന്ന് ഓഫീസര്‍ ചോദിച്ചു.
പിന്നീട് ട്രായില്‍ നിന്ന് ലഭിച്ച വിവരങ്ങളും മറ്റു കാര്യങ്ങളും പോലീസ് ഓഫീസറെ ധരിപ്പിച്ചു. താങ്കള്‍ നേരിട്ട് വരേണ്ടതില്ലെന്നും വീഡിയോ വഴി രേഖപ്പെടുത്തിയ മൊഴി കോടതിയില്‍ നല്‍കാമെന്നും പോലീസ് ഓഫീസര്‍ പറഞ്ഞുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ആധാര്‍ വളരെ പ്രധാനപ്പെട്ട രേഖയാണെന്നും സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നടി പറഞ്ഞു.












Click it and Unblock the Notifications