അമൃത്പാല്‍ ഇപ്പോഴും കാണാമറയത്ത്; ദില്ലിയില്‍ ഒളിച്ചിരിക്കുകയാണെന്ന് പോലീസ്
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനായ രാജ്യത്താകെ വലവിരിച്ച് പഞ്ചാബ് പോലീസ്. എന്നാല്‍ ഇപ്പോഴും വലയില്‍ വീണിട്ടില്ല. അതേസമയം ദില്ലിയിലാണ് ഇയാള്‍ ഒളിവില്‍ താമസിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പോലീസ് എത്തും മുമ്പേ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ബസ് ടെര്‍മിനലില്‍ നിന്ന് ഇറങ്ങിപോകുന്നത് കണ്ടവരുണ്ട്. സന്ന്യാസിയുടെ രൂപത്തിലായിരുന്നു സഞ്ചാരം. ഈ ബസ് ടെര്‍മിനലില്‍ ദില്ലി-പഞ്ചാബ് പോലീസ് ടീമുകള്‍ എത്തിയിട്ടുണ്ട്. ഇവര്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു.
പഞ്ചാബില്‍ നിരവധി കേസുകള്‍ അമൃത്പാലിനെതിരെയുണ്ട്. ശനിയാഴ്ച്ച മുതല്‍ പോലീസ് ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പലവിധത്തില്‍ തടസ്സങ്ങളുണ്ടാക്കി അമൃതപാല്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഹരിയാനയിലാണ് ഇയാളെ കണ്ടെത്തിയത്. ഒരു യുവതിയുടെ വീട്ടില്‍ നിന്ന് കുടയും പിടിച്ച് ഇയാള്‍ ഇറങ്ങിപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട കൊണ്ട് മുഖം മറച്ച് പിടിച്ചിരിക്കുന്നതും കാണാം. ഈ സ്ത്രീയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങളും ഇവര്‍ പോലീസിനെ അറിയിച്ചിരുന്നു.

ബല്‍ജീത്ത് കൗര്‍ എന്നാണ് സ്ത്രീയുടെ പേര്. അമൃത്പാലും, അടുത്തയാളായ പാപല്‍പ്രീത് സിംഗ് ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള യുവതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അമൃതപാല്‍ സിംഗ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പന്ത്രണ്ട് മണിക്കൂറിനിടെ അഞ്ച് വാഹനങ്ങളാണ് മാറിയത്. പോലീസ് ഇയാളെ പിടിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പല വാഹനങ്ങളിലേക്കായി മാറിയിരുന്നു. മെഴ്‌സിഡസിലായിരുന്നു ആദ്യ യാത്ര. പിന്നീട് അത് മാരുതി ബ്രെസ്സയിലേക്ക് മാറി. അമൃതപാലിനെ പിന്നീട് ബൈക്കില്‍ സഞ്ചരിക്കുന്ന തരത്തിലാണ് കണ്ടത്.
പിങ്ക് ടര്‍ബനും കറുത്ത കണ്ണടയും ധരിച്ചായിരുന്നു യാത്ര. ഇയാളുടെ ചിത്രങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. പലപ്പോഴായി ഇയാള്‍ വേഷം മാറിയാണ് സഞ്ചരിക്കുന്നത്. ഏഴോളം ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പല വേഷത്തില്‍ ഉള്ളവയായിരുന്നു ഇത്. ഇപ്പോള്‍ അമൃതപാല്‍ തലപ്പാവ് ഇല്ലാതെയാണ് സഞ്ചരിക്കുന്നത്്. സാധാരണയുള്ള വസ്ത്രങ്ങളും മാറ്റിയിട്ടുണ്ട്. പോലീസ് ജനങ്ങളോട് ഇയാളെ പിടിക്കാന്‍ സഹായം തേടിയിരിക്കുകയാണ്. എന്നാല്‍ ഗുരുദ്വാരകളില്‍ അടക്കം ഇയാള്‍ ഒളിവില്‍ കഴിഞ്ഞാണ് പോലീസിന്റെ കണ്ണുവെട്ടിച്ചത്. നേരത്തെ കോടതിയില്‍ നിന്നും പഞ്ചാബ് പോലീസിന് വിമര്‍ശനം നേരിട്ടിരുന്നു.












Click it and Unblock the Notifications