കുത്തേറ്റു മരിച്ച കോണ്‍സറ്റബിളിന്റെ കുടുംബത്തിന് ഒരു കോടി ;മറുഭാഗത്ത് പ്രതിയ്ക്ക് കസ്റ്റഡി മരണം ?
ഹൊസൂര്‍ :ഹൊസൂരില്‍ കുത്തേറ്റു മരിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ മുനുസ്വാമിയുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുനുസ്വാമിയുടെ മകളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും ജയലളിത മന്ത്രിസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി. മാലമോഷണസംഘത്തിന്റെ കുത്തേറ്റ് ഹൊസൂരില്‍ അഞ്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടത്.
മോഷണ സംഘത്തെ പിന്തുടര്‍ന്ന് ആക്രമണം നടത്തുന്നതിനിടെയാണ് മുനുസ്വാമിയ്ക്ക് കുത്തേറ്റത്. ഹൊസൂരിലെ ഉദ്ദനപള്ളിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തി പിടിച്ചുപറിച്ചു കടന്നുകളഞ്ഞ രണ്ടംഗസംഘത്തെ പിന്തുടരുകയായിരുന്നു മുനിസ്വാമിയും മറ്റു രണ്ടു പോലീസുകാരും. ഹൊസൂര്‍ റെയില്‍വേസ്‌റ്റേഷനു സമീപത്തുനിന്ന് സംഘത്തെ പിടികൂടിയെങ്കിലും പ്രതികളിലൊരാളായ ബെംഗളൂരു സ്വദേശി ബുജ്ജി ഏലിയാസ് മൂര്‍ത്തി കോണ്‍സ്റ്റബിളിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തെ ഉടന്‍ സമീപത്തുളള ആസ്പത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരിച്ചു. ബുജിയെ പിന്നീട് പോലീസ് പിടികൂടി അറസ്റ്റുചെയ്‌തെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രതി മരിച്ചെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പ്രതിയുടെത് കസ്റ്റഡി മരണമെന്നാരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിനു കാരണക്കാരായ പോലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എ.മാര്‍ക്‌സ് പറഞ്ഞു.












Click it and Unblock the Notifications