അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന
കിരണ്‍ കുമാര്‍ റെഡ്ഡിയുടെ പിതാവ് മൂന്ന് തവണ എംഎല്‍എ ആയിരുന്നു. ഇതോ മണ്ഡലത്തില്‍ നിന്നാണ് കിരണ്‍ കുമാര്‍ റെഡ്ഡിയും മൂന്ന് തവണ എംഎല്‍എയായത്

ഹൈദരാബാദ്: അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള തന്റെ രാജിസ്വീകരിക്കണം എന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ അദ്ദേഹം എഴുതി.
ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് പ്രത്യേക തെലങ്കാന രൂപീകരിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് കിരണ്‍ കുമാര്‍ റെഡ്ഡി 2014 ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നു. പിന്നീട് സ്വന്തം രാഷ്ട്രീയ സംഘടനയായ ജയ് സമൈക്യന്ദ്ര പാര്‍ട്ടി രൂപീകരിച്ചിരുന്നു.
ജയ് സമൈക്യന്ദ്ര പാര്‍ട്ടിയുമായി 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ വലിയ ഓളമുണ്ടാക്കാന്‍ ജയ് സമൈക്യന്ദ്ര പാര്‍ട്ടിക്ക് സാധിച്ചില്ല. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് നാല് വര്‍ഷത്തിനുള്ളില്‍ 2018 ല്‍ കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
അതേസമയം ഇത്തവണ കോണ്‍ഗ്രസ് വിട്ട് കിരണ്‍ കുമാര്‍ റെഡ്ഡി ബി ജെ പിയിലേക്ക് പോയേക്കും എന്ന് അഭ്യൂഹമുണ്ട്. കോണ്‍ഗ്രസ് നേതാവും ലോക്സഭാ എം പിയുമായ മാണിക്കം ടാഗോര്‍ ഇത് സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടി ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അവസാനിപ്പിച്ചവരാണ് ഇപ്പോള്‍ ബി ജെ പിയിലേക്ക് പോകുന്നത് എന്ന് മാണിക്കം ടാഗോര്‍ ആരോപിച്ചു.
കിരണ്‍ കുമാര്‍ റെഡ്ഡി ബി ജെ പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.ദേശീയ തലത്തിലോ മറ്റോ തനിക്ക് അനുയോജ്യമായ സ്ഥാനം നല്‍കുമെന്ന് ബി ജെ പി നേതൃത്വം ഉറപ്പ് നല്‍കുന്നതിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് ശേഷവും അദ്ദേഹം പാര്‍ട്ടിയില്‍ നിഷ്‌ക്രിയനായിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നില്ല. കിരണ്‍ കുമാര്‍ റെഡ്ഡിയുടെ പിതാവ് എന്‍ അമര്‍നാഥ് റെഡ്ഡി അന്നമയ്യ ജില്ലയിലെ വയല്‍പാഡു നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം എല്‍ എ ആയിരുന്നു.
കിരണ്‍ കുമാര്‍ റെഡ്ഡിയും 1989, 1999, 2004 വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു, 2009 ല്‍ പിലേരു മണ്ഡലത്തിലേക്ക് മാറുകയായിരുന്നു. 2004 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായിരുന്നു കിരണ്‍ റെഡ്ഡി. വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ കാലത്ത് 2009 നിയമസഭാ സ്പീക്കറായിരുന്നു.












Click it and Unblock the Notifications