ഇത് ദക്ഷിണേന്ത്യന്‍ സംവിധായകര്‍ക്കു മാത്രമുള്ള ധൈര്യം; ഭ്രമയുഗം അവിശ്വസനീയമെന്ന് കിരണ്‍ റാവു
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ 'ഭ്രമയുഗം' ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഇതുവരെ നല്‍കാത്ത ഒരു സിനിമാ അനുഭവമാണ് പ്രേക്ഷകനു സമ്മാനിച്ചത്. ഇപ്പോഴിതാ, ബോളിവുഡ് സംവിധായിക കിരണ്‍ റാവു ഭ്രമയുഗത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകളെ പ്രശംസിച്ച് സംസാരിച്ചപ്പോഴാണ് 'ഭ്രമയുഗം' ചൂണ്ടിക്കാട്ടിയത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു കിരണ്‍ റാവുവിന്റെ പ്രതികരണം.
അവിശ്വസനീയമാം വിധമാണ് ഭ്രമയുഗം സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് കിരണ്‍ റാവു അഭിപ്രായപ്പെട്ടു. മലയാള സിനിമകള്‍ താന്‍ ധാരാളം കാണാറുണ്ട്. ഭ്രമയുഗം എന്ന ചിത്രവും അടുത്തിടെ കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളില്‍ നിന്നും നാടോടിക്കഥകളില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് എടുത്ത ചിത്രത്തിന്റെ മേക്കിങ് അത്ഭുതപ്പെടുത്തുന്നതാണ്. അവിശ്വസനീയമാംവിധം കലാപരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് കിരണ്‍ റാവു പറഞ്ഞു.

സിനിമകള്‍ക്കായി ദക്ഷിണേന്ത്യയിലെ സംവിധായകര്‍ തിരഞ്ഞെടുക്കുന്ന കഥകള്‍ വളരെ ബോള്‍ഡാണ്. ഇതുതന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തില്‍ ഇറങ്ങുന്ന ഹൊറര്‍ സിനിമകളില്‍ പോലും ഇക്കാര്യം പ്രകടമാണ്. ചെറിയ വ്യവസായ മേഖലയാണെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമയിലെ നിര്‍മ്മാതാക്കള്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയാറാണ്. അവര്‍ക്ക് സ്വന്തം പ്രേക്ഷകരെ അറിയാം.
സ്വന്തം സംസ്‌കാരം, ഭാഷ, സമൂഹം എന്നിവയെ പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണിത് എന്ന ബോധ്യത്തില്‍ നിന്നാണ് അവര്‍ക്ക് ഈ ധൈര്യം കിട്ടുന്നത്. നിര്‍മ്മാതാക്കള്‍ അവരുടെ പ്രേക്ഷകരുമായി വളരെയധികം സമ്പര്‍ക്കം പുലര്‍ത്തുന്നു, പ്രേക്ഷകരെ നന്നായി മനസിലാക്കുന്നു എന്നതാണ് അവിശ്വസനീയമായ കാര്യം.
ബോളിവുഡ് വളരെ വലിയ ഇന്‍ഡസ്ട്രിയാണ്. വിശാലമായ പ്രേക്ഷകരിലേക്കാണ് തങ്ങളുടെ സിനിമ എത്തിക്കേണ്ടതെന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാര്‍ ഓര്‍ക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ള എന്തെങ്കിലും ചെയ്യണമെന്ന് നിര്‍മാതാക്കള്‍ ആഗ്രഹിക്കുമ്പോഴാണ് അതിനോടകം വിജയിച്ച മറ്റു ഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവര്‍ പോകുന്നത് - കിരണ്‍ റാവു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications