രാഹുലൊരു കുട്ടിയാണ്... അയാളെ ആരും മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല; പരിഹസിച്ച് കേന്ദ്രമന്ത്രി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധി ഇപ്പോഴും ഒരു കുട്ടിയാണ് എന്നും ഭാരത് ന്യായ് യാത്ര നടത്തുന്നത് സ്വന്തം വിനോദത്തിന് വേണ്ടിയാണ് എന്നും കിരണ്‍ റിജിജു പറഞ്ഞു. ഗോലാഘട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഭാരത് ന്യായ് യാത്ര പ്രഖ്യാപിച്ചത്.
'ആളുകള്‍ എന്തിനാണ് അദ്ദേഹത്തിന്റെ ന്യായ് യാത്രയെക്കുറിച്ച് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വിഷയമല്ല. ഞങ്ങള്‍ ചെയ്യുന്ന പരിപാടിയായ വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രക്ക് പകരം അദ്ദേഹം സ്വന്തം ആസ്വാദനത്തിനായി ഒരു യാത്ര നടത്തിയാല്‍ അത് ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യും? അദ്ദേഹത്തിന്റെ യാത്ര സ്വന്തം വിനോദത്തിനാണ്, അത് ആര്‍ക്കും പ്രയോജനപ്പെടാന്‍ പോകുന്നില്ല,' കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ഒരിക്കലും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നും ചെയ്തിട്ടില്ലെന്നും ഇപ്പോഴും പക്വതയില്ലാത്ത വ്യക്തിയെ പ്പോലെയാണ് പെരുമാറുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി ഇപ്പോഴും ഒരു കുഞ്ഞാണ്. അയാള്‍ക്ക് വയസായി, പക്ഷേ അയാളുടെ ചിന്തകള്‍ ഇപ്പോഴും ഒരു കുട്ടിയെ പ്പോലെയാണ്. തങ്ങള്‍ അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ഇടതുപക്ഷവും രാഹുല്‍ ഗാന്ധിയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും പക്ഷേ അത് രാജ്യത്തിന് പ്രധാനമല്ല എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതികള്‍ രാജ്യത്തിന് പ്രധാനമാണ് എന്നും കിരണ്‍ റിജിജു അവകാശപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് യാത്ര ജനുവരി 14 ന് ഇംഫാലില്‍ നിന്ന് ആരംഭിക്കും.
100 ലോക്സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും കടന്ന് 110 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന 6,713 കിലോമീറ്റര്‍ ദൂരമാണ് യാത്ര സഞ്ചരിക്കും. അമേഠി, റായ്ബറേലി, വാരാണസി എന്നിവയുള്‍പ്പെടെയുള്ള പ്രധാന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള യാത്രക്കാണ് രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നത്. മാര്‍ച്ച് 20- നോ 21- നോ മുംബൈയില്‍ ജാഥ സമാപിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന, പാര്‍ട്ടിയുടെ വരാനിരിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ലോഗോയും മുദ്രാവാക്യവും ശനിയാഴ്ച കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു.












Click it and Unblock the Notifications