ട്വിറ്ററില്‍ താരസുന്ദരികളുടെ തമ്മില്‍ത്തല്ല്
ചണ്ഡിഗഡ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന ചണ്ഡിഗഡില്‍ സ്ഥാനാര്‍ഥികളായ താരസുന്ദരിമാരുടെ വാക്‌പോര്. പഴയ കാലത്തെപ്പോലെ സ്ഥാനാര്‍ഥകള്‍ സ്വന്തം മണ്ഡലത്തില്‍ കിടന്നല്ല തല്ലുണ്ടാക്കുന്നത് എന്ന പ്രത്യേകതയുണ്ട്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഗുല്‍ പനാഗും ബി ജെ പി സ്ഥാനാര്‍ഥിയായ കിരണ്‍ ഖേറും തമ്മില്‍ തല്ലുന്നത്.
അറുപത് വയസ്സായാല്‍ പിന്നെ എന്നൊക്കൊണ്ടിത് പോലെ ഓടി നടക്കാനൊന്നും കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് അറുപതിനെ റിട്ടയര്‍ ചെയ്യാനുള്ള വയസാക്കി വെച്ചിരിക്കുന്നത് എന്നൊരു ഒളിയമ്പോടെ ആപ്പ് സ്ഥാനാര്‍ഥിയായ ഗുല്‍ പനാഗാണ് വിവാദത്തിന് തുടക്കമിട്ടത്. മുന്‍ മിസ് ഇന്ത്യയായ ഗുല്‍ പനാഗിനോട് പ്രതികരിച്ചുകൊണ്ട് വൈകാതെ കിരണ്‍ ഖേറും രംഗത്തെത്തി.

എന്റെ അച്ഛന് 101 വയസ്സായി, എന്നാലും അദ്ദേഹം ഇപ്പോളും സജീവമായി ജോലികള്‍ ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം തുടങ്ങുന്നത് അറുപതാം വയസ്സിലായിരുന്നു. ട്വിറ്ററില്‍ ഗുല്‍ പനാഗ് പറഞ്ഞ കമന്റിന് ട്വിറ്ററിലൂടെ തന്നെയാണ് കിരണ്‍ ഖേറും മറുപടി പറഞ്ഞത്. 25 വയസ്സുള്ള പെണ്ണുങ്ങളെ കാള്‍ഗേളായി കാണാന്‍ കിട്ടും. അതേസമയം 60 വയസ്സുള്ള ബുദ്ധിമതികളെയും കാണാന്‍ കിട്ടും എന്ന് കൂടി കിരണ്‍ പറഞ്ഞു.
എന്തായാലും ട്വിറ്റര്‍ യുദ്ധം തുടങ്ങിയത് താനല്ല എന്നാണ് നടന്‍ അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ പറയുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി സവിത ഭട്ടി പിന്മാറിയതിനെ തുടര്‍ന്നാണ് പനാഗിനെ ആപ്പ് സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസിലെ പവന്‍ കുമാര്‍ ബന്‍സാലാണ് ഈ ബോളിവുഡ് നടിമാര്‍ക്കെതിരെ മത്സരിക്കുന്നത്.












Click it and Unblock the Notifications