• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ പ്രതിഷേധം ബിജെപി സർക്കാരിന്റെ തകർച്ചയുടെ തുടക്കം', കാർഷിക ബില്ലുകൾക്കെതിരെ ബാലഗോപാൽ!

ദില്ലി: കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കിയതോടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ കർഷകർക്ക് എവിടെ വേണമെങ്കിലും ഉൽപ്പന്നങ്ങൾ വിൽക്കാനാവും എന്നാണ് സർക്കാർ വാദം. എന്നാൽ സ്വകാര്യ കുത്തകകൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നാണ് വിമർശനം ഉയരുന്നത്.

'സമരം ചെയ്യാൻ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങൾ', പ്രതിപക്ഷത്തിനെതിരെ സ്വരാജ്

ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരുമെന്ന് കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിങ്ങനെ: '' ഇന്ത്യൻ കാർഷികമേഖലയെ തകർക്കുന്ന നിയമങ്ങൾ പാർലമെന്റിൽ ഏകപക്ഷീയമായി ഇന്ന് ബിജെപി പാസാക്കിയെടുത്തു. ഒന്നാമത്തെ നിയമത്തിലൂടെ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു.

താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു. യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും. രണ്ടാമത്തേത് ആവശ്യ സാധന നിയന്ത്രണ നിയമം എടുത്തു കളയുന്നതാണ്. നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല.

ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും. ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. മൂന്നാമത്തെ നിയമം കോൺട്രാക്ട് ഫാമിംഗ് അംഗീകരിക്കലാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം. ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്. ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു.

ഹരിയാനയിൽ ബിജെപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു. കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. എന്നാൽ ഇത് കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ള വിഷയം ആയിരുന്നുവെന്നും അതിൽ പ്രതിഷേധിക്കാനെന്താണ് എന്നുമാണ് പ്രധാനമന്ത്രി ഉൾപ്പെടെ ചോദിക്കുന്നത്. ഏതായാലും കോൺഗ്രസ് ഇപ്പോൾ ഈ നിയമങ്ങൾക്കെതിരെ രംഗത്തുവരാൻ തയ്യാറായിട്ടുണ്ട്.

ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും .താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും. FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നിയമം യഥാർത്ഥത്തിൽ ഒരു കരിനിയമം ആണ്. ഇത് അവതരിപ്പിക്കപ്പെടുന്ന ദിനം രാജ്യത്തിന്റെ കരിദിനം ആണ്. ബിജെപി ഗവൺമെന്റിന്റെ തകർച്ചയുടെ തുടക്കമാണ് രാജ്യത്ത് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധം. കർഷക വിരുദ്ധമായ നിയമങ്ങൾക്കെതിരെ എല്ലാവരുടെയും പ്രതിഷേധം ഉയർന്നു വരണം''.

English summary
KN Balagopal slams farm bills passed by Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X