ഫീല്‍ഡിംഗിനിടെ പരിക്ക്, കൊല്‍ക്കത്ത താരം മരിച്ചു!
കൊല്‍ക്കത്ത: ഫീല്‍ഡിംഗിനിടെ പരിക്കേറ്റ പശ്ചിമ ബംഗാള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അങ്കിത് കേസരി മരിച്ചു. വെള്ളിയാഴ്ച ഒരു ക്ലബ്ബ് മത്സരത്തിനിടെയാണ് അങ്കിതിന് പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം തിങ്കളാഴ്ച മരിക്കുകയായിരുന്നു. സി എ ബി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് അപകടം സംഭവിച്ചത്.
ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുകയായിരുന്ന അങ്കിത് ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ സഹതാരമായ സൗരവ് മണ്ഡലുമായി കൂട്ടിയിടിച്ചു. തലയ്ക്കും തോളിലും ഗുരുതരമായി പരിക്കേറ്റ അങ്കിത് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയ അങ്കിതിന് തിങ്കളാഴ്ച ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

ഭവാനിപൂര്‍ ക്ലബ്ബിനെതിരെയായിരുന്നു മത്സരം. ഒക്ടോബറില്‍ 21 വയസ്സ് തികയാനിരിക്കേയാണ് അങ്കിതിന് ഈ അപകടം ഉണ്ടായത്. വലം കൈയ്യന്‍ ബാറ്റ്‌സ്മാനും ലെഗ് ബ്രേക്ക് ഗൂഗ്ലി ബൗളറുമായിരുന്നു. യുവതാരത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് കൊല്‍ക്കത്തിയിലെ ക്രിക്കറ്റ് ആരാധകര്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയിലെ ഒരു ആഭ്യന്തര മത്സരത്തിനിടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് മരിച്ചിരുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഷോണ്‍ അബോട്ടിന്റെ പന്ത് തലയില്‍ കൊണ്ടാണ് ഹ്യൂസ് കുഴഞ്ഞുവീണത്. മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമായിരുന്നു ഹ്യൂസ് മരണത്തിന് കീഴടങ്ങിയത്.












Click it and Unblock the Notifications