വസ്ത്രം മോശമെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് ഭക്ഷണം നിഷേധിച്ച ഹോട്ടലിനെതിരെ പ്രതിഷേധം
കൊല്‍ക്കത്ത: മോശം വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് ഭക്ഷണം നിഷേധിച്ച ഹോട്ടലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. കൊല്‍ക്കത്തയിലെ പേരുകേട്ട ഹോട്ടലായ മൊക്കാമ്പോ ഹോട്ടല്‍ ജീവനക്കാരാണ് കാര്‍ ഡ്രൈവര്‍ക്ക് ഭക്ഷണം നിഷേധിച്ചത്. ഹോട്ടലിന്റെ നടപടിക്കെതിരെ ഡ്രൈവറെ ഭക്ഷണത്തിനു ക്ഷണിച്ച കാര്‍ ഉടമ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലെ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ആയ ദിലാഷി ഹെംനാനിയാണ് ഫേസ്ബുക്കില്‍ പ്രതിഷേധ കുറിപ്പിട്ടത്. കൊല്‍ക്കത്ത വിട്ടുപോകുന്നതിന് മുമ്പായി തങ്ങളുടെ കുടുംബത്തെ ഏറെക്കാലം പരിചരിച്ച ഡ്രൈവര്‍ക്ക് ഭക്ഷണം നല്‍കാനായിരുന്നു ദിലാഷി അവരെ മൊക്കാമ്പോയ്ക്കുള്ളിലേക്ക് ക്ഷണിച്ചത്.

എന്നാല്‍, ഡ്രൈവര്‍ വൃത്തിയായി വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ജീവനക്കാര്‍ അദ്ദേഹത്തിന് ഭക്ഷണം നിഷേധിക്കുകയായിരുന്നു. സംഭവം ഫേസ്ബുക്കില്‍ വൈറലായതോടെ ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഹോട്ടല്‍ ജീവനക്കാര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഹോട്ടല്‍ ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
അതേസമയം, ഹോട്ടലില്‍ ജാതിമതഭേദമന്യേ ആര്‍ക്കും ഭക്ഷണം ലഭിക്കുമെന്നും എന്നാല്‍ വൃത്തിയില്‍ വസ്ത്രം ധരിക്കണമെന്നുമാണ് മൊക്കാമ്പോ ഉടമ നിതില്‍ കോത്താരി പ്രതികരിച്ചത്. എന്നാല്‍, ഹോട്ടല്‍ ജീവനക്കാരുടെ വസ്ത്രം പോലും വൃത്തിയുള്ളതായിരുന്നില്ലെന്നും അവരെങ്ങിനെയാണ് മറ്റുള്ളവരെ കുറ്റം പറയുന്നതെന്നാണ് ഹെംനാനിയുടെ മറുചോദ്യം.












Click it and Unblock the Notifications