കൊല്‍ക്കത്തയില്‍ വിദ്യാർത്ഥിനി കോളേജിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി: 3 പേർ പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോ കോളേജ് വിദ്യാർത്ഥിനി ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കസ്ബ മേഖയില്‍ പ്രവർത്തിക്കുന്ന കോളേജിലാണ് ദാരുണമായ കൃത്യം നടന്നത്. യുവതിയുടെ പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജിത് മിശ്ര സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ കോളേജ് ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസം പിടിയിലായ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50-നും ഇടയിലായിരുന്നു അതിക്രമം. പത്തുമാസം മുന്‍പ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യവ്യാപകമായി തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പേയാണ് വീണ്ടും മറ്റൊരു കോളേജ് വിദ്യാർത്ഥി കൂട്ട ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്.

'ജൂൺ 25-ന് വൈകിട്ട് 7:30 മുതൽ 10:50 വരെ സമയത്തിനിടയിലാണ് ലൈംഗികാതിക്രമം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂൺ 26-ന് വൈകിട്ട് 7:20-നും 7:35-നും രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ പ്രതിയെ വെള്ളിയാഴ്ച പുലർച്ചെ 12:30-ന് അവന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച പോലീസ് ഫോറൻസിക് പരിശോധന ഉള്‍പ്പെടെ പൂർത്തിയാക്കി.
ലോ കോളേജ് പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ നടന്ന ലൈംഗികാതിക്രമം ഇതിനോടകം തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മനോജിത് മിശ്ര തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തനകനാണെന്ന ആരോപണവുമായി ബി ജെ പി രംഗത്ത് വന്നു. ഇദ്ദേഹം അഭിഷേക് ബാനർജിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രവും ബി ജെ പി പുറത്തുവിട്ടു.
'ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ബംഗാളില്‍ ദിവസേനെ ഉയരുകയാണ്. മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ കീഴില്‍ പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്ക് ദുഃസ്വപ്‌നമായി മാറിയിരിക്കുന്നു. പ്രതികളില്‍ ഒരാള്‍ ടിഎംസി അംഗമാണെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്' ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications