ഡോക്ടറുടെ കൊലപാതകം: ഇരയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി; മുൻ ബിജെപി എംപിക്ക് ഉള്‍പ്പെടെ സമൻസ്
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റസിഡന്റ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തില്‍ സിനിമ താരങ്ങള്‍ അടക്കമുള്ളവരെ രംഗത്തിറക്കിക്കൊണ്ടുള്ള പ്രതിഷേധവും ഇന്ന് നടക്കും. ഇത് മുന്‍കൂട്ടി കണ്ട് മേഖലയില്‍ കൊല്‍ക്കത്ത പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചുവെന്ന് കാട്ടി മുൻ ബി ജെ പി എംപി ലോക്കറ്റ് ചാറ്റർജിക്കും രണ്ട് പ്രശസ്ത ഡോക്ടർമാർക്കും കൊൽക്കത്ത പോലീസ് സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് പേരെ കൂടാതെ, സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 57 പേർക്കും പോലീസ് സമൻസ് അയച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദ വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാൽബസാറിലെ കൊൽക്കത്ത പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടമാരായ കുനാൽ സർക്കാരിനും സുബർണ ഗോസ്വാമിക്കും സമൻസ് അയച്ചിരിക്കുന്നത്. ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിനും കിംവദന്തികളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതുമാണ് ഇവർക്കെതിരായ ആരോപണമെന്നാണ് റിപ്പോർട്ട്.
ലാൽബസാറിലെ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസിൽ നിന്ന് സമൻസ് ലഭിച്ചിട്ടുണ്ടെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റായ കുനാൽ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. "അതെ, എനിക്ക് സമൻസ് ലഭിച്ചു. എന്നാൽ ഇപ്പോൾ, ഞാൻ നഗരത്തിന് പുറത്താണ്, കൊൽക്കത്ത പോലീസിനെ ആ വിവരം അറിയിച്ചു. അവർ എന്തിനാണ് എന്നെ വിളിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ സോഷ്യൽ മീഡിയയിലൂടെ എന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ദേശീയമായും അന്തർദേശീയമായും ചില പ്രതികരണങ്ങൾ ഉന്നയിക്കപ്പെട്ടു... ഒരു പക്ഷെ അതുകൊണ്ടായിരിക്കാം," കുനാൽ സർക്കാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, തനിക്ക് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്നാണ് പുർബ ബർധമാൻ ജില്ലയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഗോസ്വാമി അറിയിച്ചത്. "എനിക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല, കൊല്‍ക്കത്ത പൊലീസ് കേസ് അന്വേഷിക്കതെ എനിക്ക് സമൻസ് അയക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സാധ്യമായ എല്ലാ വിധത്തിലും അന്വേഷണവുമായി സഹകരിക്കും.ഞാൻ ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല." സുബർണ ഗോസ്വാമി വ്യക്തമാക്കി.
തനിക്ക് ഇതുവരെ സമൻസൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹൂഗ്ലി മണ്ഡലത്തിലെ മുൻ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയുടേയും അവകാശവാദം. കേസ് അന്വേഷിണത്തിലും ഇതേ താല്‍പര്യം കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications