മമതയോടുളള വിരോധം ബംഗാളിൽ തറ പറ്റിച്ചത് കൊണ്ട്! സിപിഎമ്മിനെ ഭിത്തിയിലൊട്ടിച്ച് വിടി ബൽറാം
കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മമത ബാനർജിക്ക് പിന്നിൽ അണി നിരന്നിരിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം. അക്ഷരാർത്ഥത്തിൽ ബിജെപിയെ ഞെട്ടിച്ച നീക്കം തന്നെയാണ് മമത നടത്തിയിരിക്കുന്നത്. അതു ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേയാണ് യുദ്ധ പ്രഖ്യാപനം.
എന്നാൽ സിപിഎം മമത ബാനർജിയുടെ സമരത്തിന് പിന്തുണ നൽകാതെ മാറി നിൽക്കുകയാണ്. മമതയുടേത് രാഷ്ട്രീയ നാടകമാണ് എന്നാണ് സിപിഎം കുറ്റപ്പെടുത്തുന്നത്. സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും മമതയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. സിപിഎം നിലപാടിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് വിടി ബൽറാം എംഎൽഎ.

മമതയെ തള്ളി സിപിഎം
മമത ബാനർജിയുടെ സമരത്തിന് രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും സ്റ്റാലിനും അഖിലേഷ് യാദവും അടക്കമുളള പ്രതിപക്ഷ കക്ഷികൾ പിന്തുണ അറിയിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് മമതയെ തള്ളി യെച്ചൂരി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും അഴിമതി മറച്ച് വെക്കാനും നടത്തുന്ന രാഷ്ട്രീയ നാടകമാണ് ബംഗാളിലേത് എന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

മമത അഴിമതിക്കാരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മമതയെ തള്ളി രംഗത്ത് വന്നു. അഴിമതി കേസില്‍ അകപ്പെട്ട മമത ബാനര്‍ജിയെ സംരക്ഷിക്കരുതെന്നും ഇതുവരെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് ഒത്ത് കളിക്കുകയായിരുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ശാരദ ചിട്ടി തട്ടിപ്പിനെ കുറിച്ച് അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഉടൻ പിടിച്ച് സംഘിയാക്കയേനെ
ഇതോടെയാണ് തൃത്താല എംഎൽഎ വിടി ബൽറാം സിപിഎമ്മിന് എതിരെ തിരിഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. പോസ്റ്റ് ഇങ്ങനെയാണ്: '' അഴിമതിക്കേസിലുൾപ്പെട്ട മമതയെ ആരും പിന്തുണക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റേതെങ്കിലും പാർട്ടിയുടെ ഒരു നേതാവായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉടൻ പിടിച്ച് സംഘിയാക്കാൻ ഇടതു ബുദ്ധിജീവികളും സൈബർ വെട്ടുകിളികളും മത്സരിച്ച് രംഗത്തിറങ്ങുമായിരുന്നു.

നിങ്ങൾ സംഘപരിവാർ പാളയത്തിൽ
മിസ്റ്റർ ബാലകൃഷ്ണൻ, അഴിമതിയോടും സാമ്പത്തിക തട്ടിപ്പുകളോടും താങ്കളുടേയും കുടുംബാംഗങ്ങളുടേയും നിലപാടുകളുടെ ചരിത്രം ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ല. എന്നാൽ രാഷ്ട്രീയമായിത്തന്നെ ചോദിക്കട്ടെ, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് താങ്കളുടെ പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്ന ജയലളിത അഴിമതിക്കാര്യങ്ങളിൽ വിശുദ്ധയായിരുന്നോ? നിങ്ങളെ ബംഗാളിൽ തറപറ്റിച്ച മമതയോടുള്ള രാഷ്ട്രീയ വിരോധം നിങ്ങളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് സംഘ് പരിവാർ പാളയത്തിലാണ്.

സിപിഎം-ബിജെപി സഖ്യം
ബംഗാളിലെ ഗ്രാമങ്ങളിൽ ഇന്ന് സിപിഎം ബിജെപിയുടെ സഖ്യകക്ഷിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ചെങ്കൊടിയും കാവിക്കൊടിയും ഒരുമിച്ചാണുയരുന്നത്. ആർഎസ്എസ്- സിബിഐ-സിപിഎം കൂട്ടുകെട്ടിനെതിരെ പോരാടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കോൺഗ്രസിന്റേയും ഇന്ത്യയിലെ മതേതര മനസ്സുകളുടേയും പൂർണ്ണ പിന്തുണ എന്നാണ് ബൽറാം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications