ഡോക്ടറുടെ ബലാത്സംഗക്കൊല: മുന്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത് ഐഎംഎ
കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷിന്റെ അംഗത്വം ഐഎംഎ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപ് ഘോഷ് തന്റെ പ്രവൃത്തികളാല്‍ ഈ തൊഴിലിന് അപകീര്‍ത്തി വരുത്തി എന്നും അതിനാല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ അച്ചടക്ക സമിതി തീരുമാനിച്ചു എന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.
സാഹചര്യം കൈകാര്യം ചെയ്യുന്നതിലും സഹാനുഭൂതിയോടേയും സംവേദനക്ഷമതയോടേയും വനിതാ ഡോക്ടറുടെ മാതാപിതാക്കളോട് ഇടപെടുന്നതിലും ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. സന്ദീപ് ഘോഷിനെതിരെ ബംഗാളിലെ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങളും ഐഎംഎ പരാമര്‍ശിച്ചു. ആശുപത്രിയിലെ അജ്ഞാത മൃതദേഹങ്ങളും ബയോമെഡിക്കല്‍ മാലിന്യങ്ങളും സന്ദീപ് ഘോഷ് കടത്തിയതായി മുന്‍ സൂപ്രണ്ട് വെളിപ്പെടുത്തിയിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സന്ദീപ് ഘോഷ്, പിജി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പൊലീസില്‍ പരാതിപ്പെടാത്തതുള്‍പ്പെടെ വിഷയത്തില്‍ അശ്രദ്ധ കാണിച്ചതായി ആരോപിക്കപ്പെടുന്നു. സന്ദീപ് ഘോഷിനെ സിബിഐ തിങ്കളാഴ്ച നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. സിബിഐ അദ്ദേഹത്തിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ 11 മണിക്കൂര്‍ തിരച്ചില്‍ നടത്തി.
സന്ദീപ് ഘോഷിനെ ഇതുവരെ 90 മണിക്കൂറോളം ചോദ്യം ചെയ്തു. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതു മുതല്‍ കേന്ദ്രബിന്ദുവാണ് അദ്ദേഹം. പിന്നാലെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം ആര്‍ജി കാര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നിയമിച്ചു.
അതേസമയം കല്‍ക്കട്ട ഹൈക്കോടതി ഇതിനെതിരെ രംഗത്തെത്തിയതോടെ ദീര്‍ഘകാല അവധിയില്‍ പോകാന്‍ നിര്‍ബന്ധിതനായി. സംസ്ഥാന സര്‍ക്കാര്‍ ഘോഷിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷവും പ്രതിഷേധക്കാരും കുറ്റപ്പെടുത്തുന്നു. സന്ദീപ് ഘോഷ് വിഷയം പൊലീസില്‍ പരാതിപ്പെടാന്‍ വൈകിയതിനെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു. അതേസമയം ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.
സഞ്ജയ് റോയ് എന്ന സിവില്‍ വളണ്ടിയര്‍ പ്രവര്‍ത്തകനാണ് അറസ്റ്റിലായിരിക്കുന്ന ഏക വ്യക്തി. ആഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. നൈറ്റ് ഷിഫ്റ്റിനിടെയായിരുന്നു സംഭവം. മൃതദേഹത്തില്‍ ഗുരുതരമായി പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് ഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായത്.












Click it and Unblock the Notifications