കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം; നഷ്ട്പരിഹാരം വേണ്ടെന്ന് കുടുംബം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിയിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപരന്ത്യ ശിക്ഷ വിധിച്ച് കോടതി. പ്രതി ജീവിതാന്ത്യം വരെ തടവില്‍ കഴിയണമെന്നും 500000 രൂപ നഷ്ടപരിഹാരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അപൂർവ്വങ്ങളില്‍ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ 17 ലക്ഷം രൂപയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാ വിധി കേള്‍ക്കാനായി കൊല്ലപ്പെട്ട ഡോക്ടറുടെ രക്ഷിതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും നഷ്ടപരിഹാര തുകകള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി കൃത്യം ഒരു മണിക്ക് പ്രതിയെ കോടതിയില്‍ എത്തിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് ജഡ്ജി പരാമർശിച്ചപ്പോഴും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. മറ്റ് ചിലരെ രക്ഷപ്പെടുത്താന്‍ വേണ്ടി തന്നെ കേസില്‍ പെടുത്തുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നും ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്നും പ്രതി ജഡ്ജിയോട് പറഞ്ഞു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
സമൂഹത്തിന് മുതല്‍ക്കൂട്ട് ആവേണ്ടിയിരുന്ന ഡോക്ടറെയാണ് പ്രതി ക്രൂരമായ ബലാത്സംഗത്തിലൂടെ കൊലപ്പെടുത്തിയത്. രാജ്യത്തെ തന്നെ ഞെട്ടിച്ച കേസാണ്. ഈ സാഹചര്യത്തില്‍ അപൂർവങ്ങളില്‍ അപൂർവം ആയ കേസായി കണ്ട് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണം. പരമാവധി ശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്നും സി ബി ഐ അഭിഭാഷകന്‍ ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ചൂണ്ടിക്കാട്ടി. വധ ശിക്ഷ നല്‍കരുതെന്നും പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ പിജി ട്രെയിനി ഡോക്ടറെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിന്റെ തുടക്കത്തിലെ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്ന ആക്ഷേപം ശക്തമായിരുന്നു. തുടർന്ന് രാജ്യവ്യാപകമായ പ്രതിഷേധം ഉയരുകയും കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കുകയുമായിരുന്നു.
പ്രതികരിച്ച് ഗവർണ്ണർ
ശിക്ഷ വിധി വന്നതിന് പിന്നാലെ ബംഗാള്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണ്ണർ സിവി ആനന്ദബോസ് രംഗത്ത് വന്നു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പശ്ചിമ ബംഗാള്‍ വളരെ പിന്നോട്ടാണെന്ന് ഞാന്‍ പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ അക്രമം സംഭവിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും, അക്രമം സംഭവിച്ച ഇടങ്ങളിലും പോയി, ആശുപത്രിയില്‍ പോയി ഇരകളേയും കണ്ടു. സത്രീ സുരക്ഷയെ വളരെ ലാഘവ ബുദ്ധിയോടെയാണ് സമൂഹവും സർക്കാരും കൈകാര്യം ചെയ്യുന്നതെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലായെന്നും ഗവർണ്ണർ പറഞ്ഞു.












Click it and Unblock the Notifications