കോട്ടയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ്; കാരണക്കാര്‍ മാതാപിതാക്കളോ?
കോട്ട: കോട്ടയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പ് എഴുതിവെച്ച 5 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്തായി. എന്‍ട്രന്‍സ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആത്മഹത്യക്കുറിപ്പ് വിരല്‍ ചൂണ്ടുന്നത് മാതാപിതാക്കള്‍ക്ക് നേരെയാണ്.
ബിഎസ്എസി പഠനത്തിന് ആഗ്രഹിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് ഐഐടി എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ത്തത്. തന്റെ ആഗ്രഹത്തെ ഒരിക്കല്‍ പോലും കേള്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നും കുറിപ്പില്‍ പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനിയത്തിയെ അവള്‍ ആഗ്രഹിക്കുന്ന വിഷയം പഠിക്കാന്‍ അനുവദിക്കണമെന്നും അനിയത്തി തനിക്ക് മകളെ പോലെയാണ് എന്നും കുറിപ്പില്‍ പറയുന്നു.

തന്റെ പ്രവൃത്തിയില്‍ എല്ലാവര്‍ക്കും സങ്കടം ഉണ്ടാകുമെന്ന് അറിയാമെന്നും മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത് തനിക്ക് ഉയരാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും പറഞ്ഞു. അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പിന്റെ പൂര്‍ണ രൂപം ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല.
രണ്ട് വര്‍ഷമായി എന്‍ട്രന്‍സ് കോച്ചിങ്ങിനായി രാജസ്ഥാനിലെ കോട്ടയില്‍ താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി. ബുധനാഴ്ച എന്‍ട്രന്‍സ് കോച്ചിങ്ങ് ഫലം പുറത്ത് വന്നതില്‍ റാങ്കില്‍ പിന്നിലായത് പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കോട്ടയില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഈ വര്‍ഷത്തെ അഞ്ചാമത്തെ ആത്മഹത്യയാണ് ഇവിടെ നടക്കുന്ന എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications