ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ
മലയാള സിനിമാ രംഗത്തും ടെലിവിഷന്‍ മേഖലയിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന താരമാണ് കൃഷ്ണപ്രഭ. അഭിനയത്തിന് പുറമേ നൃത്തത്തിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കൃഷ്ണപ്രഭ തന്റെ നൃത്ത വീഡിയോകളും ഫോട്ടോ ഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നിലപാടുകള്‍ വെട്ടിത്തുറന്ന് പറഞ്ഞ് ശ്രദ്ധേയയായിട്ടുള്ള താരം കൂടിയാണ് കൃഷ്ണപ്രഭ. അടുത്തിടെ ഡിപ്രഷനെ കുറിച്ച് കൃഷ്ണപ്രഭ പറഞ്ഞ പരാമര്‍ശം വലിയ വിവാദമായിരുന്നു. ജോലിയൊന്നും ഇല്ലാത്തവര്‍ വെറുതെ ആലോചിച്ചു കൂട്ടുന്നതിനെയാണ് ഡിപ്രഷന്‍ എന്നു പറയുന്നതെന്ന പരാമര്‍ശമാണ് വിവാദത്തിലായത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തന്നെയും ക്ഷണിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ. നടിമാരായ ലക്ഷ്മി പ്രിയയ്ക്കും വീണ നായര്‍ക്കും അഞ്ജലി നായര്‍ക്കും പിന്നാലെയാണ് ട്വന്റി 20യില്‍ മത്സരിപ്പിക്കാനായി കൃഷ്ണപ്രഭയെയും സമീപിച്ചത്.
എന്നാല്‍ താന്‍ ആ അവസരം വേണ്ടെന്നുവച്ചതായി കൃഷ്ണപ്രഭ വെളിപ്പെടുത്തി. എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കുന്ന ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചെങ്കിലും പോയില്ല. കാരണം മത്സരിക്കാന്‍ നില്‍ക്കുന്നയാള്‍ക്ക് ഒരു ബോധം വേണമല്ലോ. അതുകൊണ്ടാണ് മത്സരിക്കാന്‍ ഇല്ലെന്നു പറഞ്ഞത്. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്.

നാടിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാര്‍ നിന്നാലാണ് ജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാകുന്നത്. എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് എന്റെ ആഗ്രഹം. എല്‍ഡിഎഫിന്റെ പി.ആറിന് വേണ്ടിയല്ല ഞാന്‍ ഇതു പറയുന്നത്. കലാകാരിയെന്ന നിലയില്‍ ഈ സര്‍ക്കാരില്‍ നിന്ന് നല്ല കാര്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോവിഡ് വന്ന സമയത്ത് സര്‍ക്കാര്‍ കലാകാരന്മാരെ പിന്തുണച്ചിരുന്നു. അന്ന് സര്‍ക്കാര്‍ തന്നെ എന്റെ കേരളം പോലുള്ള പരിപാടികള്‍ നടത്തി. എനിക്കും ഇഷ്ടം പോലെ പരിപാടികള്‍ ലഭിച്ചു - കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് താരം അഖില്‍ മാരാര്‍, നടിമാരായ ലക്ഷ്മി പ്രിയ, വീണ നായര്‍, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ളവരാണ് ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ലക്ഷ്മി പ്രിയയുടെയും വീണ നായരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇതോടെ ഇവരുടെ സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലായി. താരങ്ങളെ കളത്തിലിറക്കി വോട്ടു പിടിക്കാനാണ് ട്വന്റി-20യുടെ ശ്രമം.












Click it and Unblock the Notifications