കെഎസ്ആർടിസി അടക്കമുള്ള ബസുകളിൽ ടിക്കറ്റ് നിരക്ക് കൂട്ടും?; കർണാടകയിൽ യാത്ര അല്പം ചിലവേറിയേക്കും
കർണാടകയിൽ ബസ് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നേക്കും. കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ നിരക്കിലാണ് വർധനവ് ഉണ്ടാകുക. അതേസമയം തീരുമാനം നടപ്പാക്കുന്നതിന് മുൻപ് യാത്രക്കാരിൽ നിന്നും പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മി നിർദേശങ്ങൾ സ്വീകരിക്കും. ഇതാദ്യമായാണ് നിരക്ക് വർധനവ് സംബന്ധിച്ച് തീരുമാനം എടുക്കാൻ ഇത്തരമൊരു സമിതിയെ രൂപീകരിക്കുന്നത്. മുൻ ഐഎഎസ് ഓഫീസർ അതുൽ കുമാർ തിവാരിയാണ് കമ്മിറ്റിയുടെ ചെയർമാൻ.
പ്രവർത്തന ചെലവ് ഏറെയാണെന്നും അതിനാൽ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നും നേരത്തേ കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. എണ്ണ വില ഉയർന്നതും ഡീവനക്കാരുടെ ശമ്പളവും മറ്റ് പ്രവർത്തന ചെലവുകളുമെല്ലാം വലിയ സമ്മർദ്ദമാണ് തീർക്കുന്നതെന്ന് കോർപറേഷൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നിരക്കുകൾ ഉയർത്തുന്നത് കോർപറേഷന് വലിയ ബാധ്യത തീർക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ഭൈരതി സുരേഷ് നേരത്തേ പറഞ്ഞിരുന്നു. ഇന്ധന ചെലവ് ഉയരുമ്പോൾ ടിക്കറ്റ് നിരക്ക് ഉയർത്താതെയാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതെന്നും ഇതാണ് കോർപറേഷന് അധികഭാരം തീർക്കുന്നതെന്നുമാണ് അദ്ദേഹം വിമർശിച്ചത്. അതേസമയം കമ്മിറ്റി നിർദേശം സമർപ്പിച്ചതിന് പിന്നാലെ തന്നെ കാബിനറ്റിൽ ഇത് ചർച്ച ചെയ്യുമെന്നും നിർദേശം അംഗീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവേരയും പുതിയ നിരക്കുകൾ എത്രയായിരിക്കണമെന്ന നിർദേശങ്ങളൊന്നും ഉയർന്നിട്ടില്ല. ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. തങ്ങളുടെ നിർദേശങ്ങൾ ജനങ്ങൾക്ക് കർണാടക പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റിയുടെ ഓഫീസിലേക്ക് നേരിട്ട് അയക്കാമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയുടെ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെയും അഭിപ്രായം പങ്കിടാം.
എന്തുകൊണ്ട് നിരക്ക് വർധന?
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോർപറേഷനുകൾ നേരിടുന്നത്. മെയ് 31 ലെ കണക്കുകൾ പ്രകാരം നാല് കോർപറേഷനുകളുടേയും ആകെ ബാധ്യത 8095.5 കോടിയാണ്. സ്ത്രീകൾക്ക് സൌജന്യ യാത്ര നൽകുന്ന (ശക്തി പദ്ധതി) സംസ്ഥാനമാണ് കർണാടക. പദ്ധതിയുടെ നടത്തിപ്പിനും മറ്റ് ചെലവിനുമായി 5418.6 കോടി രൂപ കോർപറേഷനുകൾ സർക്കാരിനോട് തേടിയിട്ടുണ്ട്.
അവസാനം നിരക്ക് ഉയർത്തിയത് 2025 ജനുവരിയിൽ
2025 ജനുവരിയിലാണ് ഏറ്റവും അവസാനമായി സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്കുകൾ ഉയർത്തിയത്. അന്ന് 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ജനങ്ങൾക്ക് മേൽ വലിയ ഭാരം തീർത്ത് ഇതിനിടയിൽനമ്മ മെട്രോ, ബിഎംടിസി, ഓട്ടോ എന്നിവയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്.
അതേസമയം പുതിയ നിരക്ക് വർധനയെ കുറിച്ച് ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 21 ആണ്.


Click it and Unblock the Notifications
