മലയാളികള്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ഓണം സര്‍വ്വീസ്, മണ്ഡ്യയില്‍ ബസ്സിന് കല്ലേറ്!
ബെംഗളൂരു: ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളികള്‍ക്ക് ഇരുട്ടടിയായി കാവേരി തര്‍ക്കത്തിലെ സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും. പ്രതിഷേധങ്ങള്‍ അക്രമത്തിലെത്തി സംഭവം കൈവിട്ടുപോയതോടെ കര്‍ഫ്യൂ വരെ പ്രഖ്യാപിക്കേണ്ട അവസ്ഥയെത്തി. ഐടി നഗരമായ ബെംഗളൂരു മിക്കവാറും ഷട്ട് ഡൗണ്‍ ആയപ്പോള്‍ ഇത്തവണത്തെ ഓണം ബെംഗളൂരുവില്‍ തന്നെ എന്നുറച്ചു മലയാളികള്‍ ഭൂരിഭാഗവും.
എന്നാല്‍, അപ്രതീക്ഷിതമായി കെഎസ്ആര്‍ടിസി സഹായഹസ്തവുമായി എത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന ബെംഗളൂരുവില്‍ നിന്നും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കായി 32 ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്. ഉത്രാട ദിനമായ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഈ ബസ്സുകള്‍ പുറപ്പെട്ടു. കര്‍ണാടക പോലീസ് അകമ്പടിയോടെയായിരുന്നു കെഎസ്ആര്‍ടിസി ബസ്സുകളുടെ യാത്ര.

കാവേരി വിഷയത്തില്‍ ഏറ്റവും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണ്ഡ്യയിലൂടെ വേണമായിരുന്നു ബസ്സുകള്‍ക്ക് കടന്നുപോകാന്‍. മണ്ഡ്യയിലെത്തിയതും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ പൊട്ടി. എന്നാലും സര്‍വ്വീസ് തുടര്‍ന്നു. പ്രശ്‌ന ബാധിത പ്രദേശമായ മണ്ഡ്യ വരെയാണ് കര്‍ണാടക പോലീസ് ബസ്സുകള്‍ക്ക് സംരക്ഷണം നല്‍കിയത്. തുടര്‍ന്ന് കേരള പോലീസ് ഈ ഡ്യൂട്ടി ഏറ്റെടുത്തു.
പോലീസ് സംരക്ഷണത്തില്‍ മൈസൂര്‍ റൂട്ടില്‍ മാത്രമാണ് ബസ്സുകള്‍ ഓടിയത്. തമിഴ്‌നാടുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സേലം റൂട്ട് പൂര്‍ണമായും ഒഴിവാക്കി. സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പകല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.30നും 6.30 നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു.












Click it and Unblock the Notifications