അധികം കളിക്കണ്ട, ആർമിയാണെങ്കിലും....വെള്ളവും വൈദ്യുതിയും നിർത്തും : ഭീഷണി സ്വരത്തിൽ തെലങ്കാന മന്ത്രി കെടിആർ
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദ് മിലിട്ടറി പ്രദേശത്തെ വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും വിതരണം നിർത്തുമെന്ന ഭീഷണിയുമായി മന്ത്രി കെ.ടി രാമു റാവു. തെലങ്കാന അസംബ്ലിയിലെ ബജറ്റ് സെഷനിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എഐഎംഐഎം എംഎൽഎ കൗസർ മൊഹിയുദ്ദീൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രകോപനമായ മറുപടി. മിലിട്ടറി അതോറിറ്റി ഹൈദരാബാദിൽ 'അനാവശ്യമായി' വഴിതടഞ്ഞും ചെക്ക് ഡാമുകൾ നിർമിച്ചും ജനജീവിതം ദുസഹമാക്കുകയാണെന്നും കെടിആർ ആരോപിച്ചു.
ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ജനങ്ങൾക്കൊപ്പം ആയിരിക്കും. തെലങ്കാന പ്രത്യേകമായ ഒരു രാജ്യമൊന്നും അല്ല. അവർക്ക് ഇത് മനസിലായില്ലെങ്കിൽ നമുക്ക് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരും. ആവശ്യമെങ്കിൽ വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും വിതരണം നിർത്തിവയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
കെടിആർ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യക്ക് നേരെയും വിമർശനം ഉന്നയിച്ചു. ഗോൽകോണ്ട ഫോർട്ടിന് സമീപത്തെ നള വർക്കുകൾക്കായി അനുമതി നൽകുന്നില്ലെന്നാണ് എഎസ്‌ഐക്കെതിരെയുള്ള ആരോപണം. മിലിട്ടറി അതോറിറ്റിയും ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയും നള വികസന പദ്ധതിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയാണ് നള വികസന പദ്ധതി.

മുനിസിപ്പൽ അധികൃതർ അടിയന്തരമായി മിലിട്ടറി അതോറിറ്റിയുമായി വിഷയത്തിൽ ചർച്ച നടത്തണമെന്നും പ്രദേശത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും സംസ്ഥാന സർക്കാർ ഒരുക്കമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം മന്ത്രിയുടെ പ്രതികരണത്തിൽ ബിജെപി ഞെട്ടൽ രേഖപ്പെടുത്തി. തെലങ്കാന മുനിസിപ്പൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണ്. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വച്ച് ഇത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഇന്ത്യൻ സേനയെ കെടിആർ ബഹുമാനിക്കുന്നില്ല. തെലങ്കാന സർക്കാർ എങ്ങനെയാണ് ഇന്ത്യൻ ആർമിയെ നോക്കിക്കാണുന്നത് എന്നത് ഈ പ്രസ്‌താവനയിലൂടെ വ്യക്തമാണെന്നും ബിജെപി നേതാവ് എൻ.വി സുഭാഷ് പറഞ്ഞു. ഹൈദരാബാദിൽ നിന്ന് മിലിട്ടറി ക്യാമ്പ് മാറ്റണമെന്നതാണോ സർക്കാരിന്‍റെ ആവശ്യമെന്നും ഈ പരാമർശത്തിലൂടെ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്നും ബിജെപി ചോദിക്കുന്നു.
മിലിട്ടറിയെ ഭീഷണിപ്പെടുത്തുന്ന സർക്കാരിന്‍റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ഈ പരാമർശത്തെ ബിജെപി അപലപിക്കുകയാണ്. ഇത്തരം വിഷയങ്ങളിൽ ചർച്ചകളിലൂടെയാണ് പരിഹാരം കണ്ടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications