അത് സാധ്യമല്ല!! സൈബര്‍ ആക്രമണ റിപ്പോര്‍ട്ട് തള്ളി കുടംകുളം ആണവ പ്ലാന്റ്, പ്രചാരണം വ്യാജമെന്ന്...
ചെന്നൈ: സൈബര്‍ ആക്രമണമുണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ ആണവോര്‍ജ്ജ ഉല്‍പ്പാദന കേന്ദ്രമായ കൂടംകുളം പവര്‍ പ്ലാന്റ്. കൂടംകുളം ആണവ പ്ലാന്റ് ശൃംഖലയുടെ ഡി ട്രാക്ക് റാറ്റില്‍ വൈറസ് ആക്രമണമുണ്ടായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പ്രസ്താവന പുറത്തുവന്നത്. കൂടംകുളം ആണവ പ്ലാന്റ് ശൃംഖലയാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
ശിവസേന നിലപാട് കടുപ്പിച്ചു; ബിജെപിയുമായുള്ള ചര്‍ച്ച റദ്ദാക്കി, മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

ആക്രമണം സാധ്യമല്ല
കൂടംകുളം ആണവ പ്ലാന്റിന്റേയും മറ്റ് ആണവ പ്ലാന്റുകളുടേയും പവര്‍ കണ്ട്രോള് സംവിധാനങ്ങള്‍ ഒറ്റക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് സൈബര്‍ ശൃംഖലകളുമായി ബന്ധിപ്പിച്ചിട്ടെല്ലെന്നും കെകെഎന്‍പി വ്യക്തമാക്കി. അതുകൊണ്ട് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് കണ്ട്രോള് സംവിധാനത്തില്‍ ഒരു വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങളും സാധ്യമല്ലെന്നും പ്ലാന്റിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രസ്താവനയില്‍ കെകെഎന്‍പി കൂട്ടിച്ചേര്‍ത്തു.

പ്രചരിച്ചത് വ്യാജ വാര്‍ത്തകള്‍
സോഷ്യല്‍ മീഡിയയില്‍ കുടംങ്കുളം പ്ലാന്റില്‍ സൈബര്‍ ആക്രമണം നടന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടകള്‍ വ്യാപകമായി പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയത്. അത്തരത്തിലൊരു സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ രാജ്യ സുരക്ഷക്ക് ഏല്ക്കുന്ന ആഘാതത്തെക്കുറിച്ചും തരൂര്‍ ട്വീറ്റില്‍ ഓര്‍മിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

തിരുനെല്‍വേലിയില്‍
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് കൂടംകുളം പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിന്റെ രണ്ട് റിയാക്ടറുകളും പ്രവര്‍ത്തിക്കുന്നതായും പ്രസ്താവനയില്‍ കുറിച്ചു. കൂടംകുളം ആണവ പ്ലാന്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത് തെറ്റായ റിപ്പോര്‍ട്ടുകളാണെന്നും മാധ്യമങ്ങളും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് പവര്‍ പ്ലാന്റിലെ ട്രെയിനിംഗ് സൂപ്രണ്ടും ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ആര് രാമദോസ് പ്രതികരിച്ചത്.

എന്താണ് ഡി ട്രാക്ക്
കുടംകുളം ആണവ പ്ലാന്റില്‍ ഉപയോഗിച്ചിട്ടുള്ള ഡിട്രാക്ക് ഒരു സ്പൈ ടൂളാണെന്നും ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂഷനിലെ ഗവേഷകരാണ് ഇത് കണ്ടുപിടിച്ചിട്ടുള്ളതെന്നാണ് റഷ്യന്‍ ആന്റിവൈറസ്& സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെര്‍സ്കി വ്യക്തമാക്കിയത്. വൈറസ് ആക്രമണമുണ്ടായ നെറ്റ് വര്‍ക്കുകളില്‍ നിന്ന് വിവരങ്ങളും ഫയലുകളും ഡൗണ്‍ ലോഡ് ചെയ്തെടുക്കാന്‍ കഴിയുമെന്നും കാസ്പെര്‍സ്കി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സ്പൈ ടൂള്‍ എന്ന പേരിലാണ് ഡി ട്രാക്ക് അറിയപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി.