കുംഭമേളയില്‍ ബോട്ട് സർവ്വീസ് നടത്തിയ കുടുംബം 45 ദിവസം കൊണ്ട് നേടിയത് 30 കോടി: ആകെ 3.5 ലക്ഷം കോടി വരുമാനം
പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേള സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെറും 45 ദിവസത്തിനുള്ളില്‍ ബോട്ട് സർവ്വീസ് നടത്തുന്ന ഒരു കുടുംബത്തിന് 30 കോടി രൂപ സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത്. ബോട്ട് സർവ്വീസ് നടത്തുന്ന ഈ കുടുംബം കീഴില്‍ 130 ബോട്ടുകളാണ് കുംഭമേളയിലെത്തുന്ന തീർത്ഥാടകരെ ലക്ഷ്യമിട്ട് ഒരുക്കിയിരുന്നത്. കുംഭമേള കഴിഞ്ഞപ്പോള്‍ ഒരോ ബോട്ടിനും 23 ലക്ഷം രൂപ ലാഭം നേടാനായെന്നും അദ്ദേഹം പറഞ്ഞു.
' പ്രതിദിനം ഏകദേശം 50000-52000 രൂപ ആ കുടുംബത്തിലേക്ക് മാത്രമായി എത്തി. ' എന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച നിയമസഭയിൽ 2025-26 വാർഷിക ബജറ്റിനെക്കുറിച്ചുള്ള ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത മാഹാകുംഭമേള ജാതി, പ്രദേശം, മതം എന്നിവയുടെ അതിർവരമ്പുകൾ മറികടന്ന് പാരമ്പര്യത്തിന്റെയും പുരോഗതിയുടെയും സമ്പൂർണ്ണ സംയോജനം ഉൾക്കൊള്ളുന്നതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാ കുംഭമേളയിലെ വിവേചനമുണ്ടായെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഈ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്നതുമായിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടും ഭക്തരുടെ വിശ്വാസം അചഞ്ചലമായി തുടർന്നു. ഇത്തവണ കുംഭമേളയ്ക്കിടെ 66 കോടിയിലധികം ഭക്തരും സാധുക്കളും സംഗമത്തിൽ പുണ്യസ്നാനം നടത്തി മടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പ്രതിപക്ഷത്തിന് മഹാ കുംഭമേള സന്ദർശിക്കുന്ന ഭക്തർ ഒരു വോട്ട് ബാങ്കായിരുന്നു. എന്നാൽ ഞങ്ങൾക്ക് അവർ നമ്മുടെ പൈതൃകത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നവരായിരുന്നു. അതുകൊണ്ടാണ് ആളുകൾ നമ്മുടെ സർക്കാരിനെ വിശ്വസിക്കുന്നത്' സമാജ്‌വാദി പാർട്ടിയെ (എസ്പി) പരിഹസിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയിൽ മഹാ കുംഭമേളയുടെ മൊത്തം സംഭാവന 3.5 ലക്ഷം കോടിയാണെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ഹോട്ടൽ വ്യവസായത്തിൽ 40000 കോടിയുടെ വരുമാനമാണുണ്ടായത്. ഭക്ഷണത്തിൽ നിന്നും ദൈനംദിന അവശ്യവസ്തുക്കള്‍ (33000 കോടി), ഗതാഗതം (1.5 ലക്ഷം കോടി), മതപരമായ വഴിപാട് (20000 കോടി), സംഭാവന (660 കോടി), ടോള്‍ (300 കോടി), മാറ്റ് സാമ്പത്തിക പ്രവർത്തനങ്ങള്‍ 66000 കോടി എന്നിങ്ങനെയാണ് വരുമാനമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications