'ചൂൽ എന്‍റെ ജീവിതത്തിലെ പ്രധാന ഭാഗമാണ്': ചന്നിയെ തോൽപിച്ച ലാഭ് സിങ് ഉഗോകെയുടെ അമ്മ പറയുന്നു
ചണ്ഡീഗഢ് : പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ജീവിതം പലരുടെയും ജീവിതം മാറി മറിയുകയാണ്. പ്രമുഖരെ പരാജയപ്പെടുത്തിയാണ് സാധാരണക്കാരായ പലരും പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആർഭാടങ്ങളില്ലാതെ ഓരോ വീടുകളിലും കയറിയിറങ്ങിയാണ് പഞ്ചാബ് തെരഞ്ഞെടുപ്പിനായി ആംആദ്‌മി സ്ഥാനാർഥികൾ പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് ജാതി സമുദായ വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചുകൊണ്ട് ചരൺജീത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി കോൺഗ്രസ് അവരോധിക്കുകയായിരുന്നു. എന്നാൽ മത്സരത്തിനിറങ്ങിയ ചന്നിയുടെ പരാജയം കോൺഗ്രസിന്‍റെ പരാജയത്തേക്കാൾ ദാരുണമായിരുന്നു.
ചന്നിക്കെതിരായി ആംആദ്‌മി പാർട്ടി ടിക്കറ്റിൽ വിജയിച്ച ലാഭ് സിങ് ഉഗോകെയുടെയും ജീവിതം തെരഞ്ഞെടുപ്പിലൂടെ മാറി മറഞ്ഞു. 37,550 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലാഭ് സിങ് ഉഗോകെ ചന്നിയെ പരാജയപ്പെടുത്തിയത്. മൊബൈൽ റിപ്പയറിങ് ഷോപ്പിലാണ് ഉഗോകെ ജോലി ചെയ്‌തിരുന്നത്. ചന്നിയെ തോൽപിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതം ഇനി പഴയതുപോലെയല്ല. എന്നാൽ അദ്ദേഹത്തിന്‍റെ അമ്മയും മാറാൻ ഒരുക്കമല്ല...... സർക്കാർ സ്‌കൂളിലെ തൂപ്പുജോലി ഇനിയും തുടരുമെന്നാണ് ബൽദേവ് കൗറിന്‍റെ പക്ഷം. പണം സമ്പാദിക്കാൻ ഞങ്ങൾ എപ്പോഴും കഠിനാധ്വാനം ചെയ്‌തിരുന്നു. എന്‍റെ മകന് എന്ത് സ്ഥാനം ലഭിച്ചാലും സ്‌കൂളിലെ ജോലി കളയാൻ ഒരുക്കമല്ലെന്ന് കൗർ പറയുന്നു. 'ചൂൽ' എന്‍റെ ജീവിതത്തിലെ പ്രധാന ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ആണെങ്കിൽ പോലും എന്‍റെ മകൻ മണ്ഡലത്തിൽ നിന്ന് വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് കൗർ പറയുന്നു. പണ്ട് എങ്ങനെയാണോ ജീവിച്ചിരുന്നത് അങ്ങനെത്തന്നെ ഇനിയും ജീവിക്കുമെന്നും കുടുംബത്തിന് പകരം സമൂഹത്തിന്‍റെ ക്ഷേമത്തിനായി ഇനി മകണ സമയം നൽകണമെന്ന് എംഎൽഎയുടെ അച്ഛൻ ദർശൻ സിങ് പറഞ്ഞു.
ഈ ഗ്രാമത്തിലെ ജനങ്ങളാണ് അവനെ തെരഞ്ഞെടുത്തത്. അതിനാൽ ഈ സമൂഹത്തിലെ ജനങ്ങളുടെ ഉന്നമനത്തിനായി അവൻ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2013ലാണ് ഉഗോക ആംആദ്‌മി പാർട്ടിയിൽ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരാൻ ഉഗോകെക്ക് സാധിച്ചു. രാത്രിയും പകലും പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും എംഎൽഎയാകാൻ ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു.
വൻ ഭൂരിപക്ഷത്തോടെയാണ് ആംആദ്‌മി പാർട്ടി പഞ്ചാബിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 114 അംഗ നിയമസഭയിലേക്ക് മത്സരിച്ച ആംആദ്‌മി പാർട്ടിക്ക് 92 സീറ്റുകളിലാണ് വിജയം ഉറപ്പിക്കാൻ ആയത്. കോൺഗ്രസും ശിരോമണി അകാലദളും പ്രമുഖരായ മുതിർന്ന നേതാക്കളെ കളത്തിലിറക്കിയപ്പോൾ സാധാരണക്കാരായ ആളുകളായിരുന്നു ആംആദ്‌മി പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്.












Click it and Unblock the Notifications