ഇന്ത്യയിലെ തൊഴിലാളികള്‍ ജോലിക്കായി മാറിനില്‍ക്കാന്‍ തയാറല്ല; കാരണം ക്ഷേമപദ്ധതികള്‍: എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍
ചെന്നൈ: കമ്പനികളിലെ ജീവനക്കാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലൂടെ രാജ്യമൊട്ടാകെ വിവാദം സൃഷ്ടിച്ചിട്ടുള്ള വ്യവസായ പ്രമുഖനാണ് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്‍. ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന സുബ്രഹ്‌മണ്യന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചിരുന്നു. രണ്ടു ലക്ഷത്തിലേറെ ജീവനക്കാരാണ് എല്‍ ആന്‍ഡ് ടിയിലുള്ളത്. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു വന്ന അഭിപ്രായ പ്രകടനമാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ തയാറല്ലെന്നാണ് എസ്എന്‍ സുബ്രഹ്‌മണ്യന്‍ അഭിപ്രായപ്പെട്ടത്. നിര്‍മാണ മേഖലയിലാണ് തൊഴിലാളികളെ ലഭിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. കാരണം സ്വന്തം നാട്ടില്‍ നിന്ന് എങ്ങോട്ടും മാറാന്‍ താല്‍പര്യമില്ലാത്തവരാണ് ഇവിടത്തെ തൊഴിലാളികള്‍. സുബ്രഹ്‌മണ്യന്റെ വാക്കുകള്‍ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതു കാരണം തൊഴിലാളികള്‍ സ്ഥലം മാറാന്‍ മടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന സിഐഐ മിസ്റ്റിക് സൗത്ത് ഗ്ലോബല്‍ ലിങ്കേജസ് ഉച്ചകോടിയിലാണ് സുബ്രഹ്‌മണ്യന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇവിടെ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ കാരണം സ്വന്തം നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവരാണ് ഭൂരിപക്ഷം തൊഴിലാളികളും. അതിനാല്‍ നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ കിട്ടുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എംജിഎന്‍ആര്‍ഇജിഎ, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകള്‍, ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ കാരണം തൊഴിലാളികള്‍ ജോലി പോകാന്‍ മടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ അവസരങ്ങള്‍ക്കായി സ്ഥലം മാറാന്‍ തൊഴിലാളികള്‍ തയാറല്ല. ഒരുപക്ഷേ അവരുടെ പ്രാദേശിക സമ്പദ്വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാകാം. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തെ തൊഴിലാളികളുടെ കുറവ് ബാധിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ജിനീയറിങ്, നിര്‍മാണം, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വളരെ പ്രശസ്തമായ മള്‍ട്ടി നാഷണല്‍ കമ്പനിയാണ് എല്‍ ആന്‍ഡ് ടി. രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ, നിര്‍മാണ കമ്പനികളില്‍ ഒന്നാണിത്.
പണപ്പെരുപ്പത്തെ നേരിടാന്‍ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കണമെന്ന് ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നര ഇരട്ടി വരെ നല്‍കയാണ് മിഡില്‍ ഈസ്റ്റ് തൊഴിലാളികളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസമാണ് എസ് എന്‍ സുബ്രഹ്‌മണ്യന്‍ ജീവനക്കാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന നടത്തിയത്. 'തന്റെ ജീവനക്കാര്‍ ഞായറാഴ്ചകളിലും ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. വീട്ടില്‍ ഇരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങളുടെ ഭാര്യയെ നോക്കാന്‍ കഴിയും? വരൂ, ഓഫീസില്‍ പോയി ജോലി ചെയ്യൂ' - ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. താന്‍ ഞായറാഴ്ചകളിലും ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആഴ്ചയില്‍ ജോലി സമയം 70 മുതല്‍ 90 മണിക്കൂറായി ഉയര്‍ത്താനുള്ള ഒരു നിര്‍ദേശവും പരിഗണിക്കുന്നില്ലെന്ന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications