ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവ്; കാഴ്ച നഷ്ടമായ കുഞ്ഞിന് 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ന്യൂഡൽഹി: അമ്മയ്ക്ക് കൃത്യമായ വൈദ്യോപദേശം നൽകാത്തതിനെത്തുടർന്ന് റെറ്റിനോപ്പതി ഓഫ് പ്രി മെച്യുരിറ്റി (ആർഒപി) ബാധിച്ച കുട്ടിക്ക് 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഗുജറാത്ത് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
ഗുജറാത്തിലെ നവ്സാരിയിലെ സർക്കാർ ആശുപത്രിയും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും തുക നൽകണം എന്നാണ് കോടതി ഉത്തരവ്. സുനിത ചൗധരി എന്ന യുവതി 2014-ലാണ് മാസം തികയാതെ കുഞ്ഞിന് ജന്മം നൽകിയത്.

28-ാമത്തെ ആഴ്ചയിൽ ജനിച്ച കുട്ടിയ്ക്ക് 1,200 ഗ്രാം ഭാരമാണ് ഉണ്ടായത്. 42 ദിവസം ഐസിയുവിൽ ആയിരുന്നു. ഡിസ്ചാർജിന് ശേഷം സുനിത മഹാരാഷ്ട്രയിലെ നന്ദ്രുബറിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്കായിരുന്നു പോയത്. കുഞ്ഞിന്റെ കണ്ണുകൾ നനയുന്ന പ്രശ്‌നമുണ്ടായിരുന്നു. മാറ്റമില്ലാതെ ആയതോടെ ഡോക്ടർമാരെ കാണിച്ചു. തുള്ളിമരുന്ന് ഒഴിച്ചാൽ മാറും എന്നാണ് പറഞ്ഞത്.
എന്നാൽ കുട്ടിയുടെ കണ്ണിന്റെ പ്രശ്നം കൂടുതൽ ഗുരുതരമായി. മുംബൈയിലെയും ചെന്നൈയിലെയും നേത്രരോഗ വിദഗ്ധരെ കാണിച്ചിരുന്നു. അപ്പോഴാണ് കുഞ്ഞിന് റെറ്റിന ഡിറ്റാച്ച്‌മെന്റ് മൂലം കാഴ്ച നഷ്ടപ്പെട്ടതായി അറിയുന്നത്.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാധാരണ പല തരത്തിലുള്ള അപകടസാധ്യതയുണ്ടെന്നും ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ആവശ്യമായ ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ കാഴ്ച പോകുന്ന അവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ആദ്യം തന്നെ ചികിത്സിച്ചിരുന്നെങ്കിൽ സുഖപ്പെടുത്താവുന്നതേ ഉണ്ടായിരുന്നൂവെന്നും ഡോക്ടർമാർ പറഞ്ഞതായാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തത്.
പക്ഷേ സുനിതയുടെ കുഞ്ഞിന്റെ കാര്യത്തിൽ ചികിത്സ കിട്ടാൻ ഏറെ വൈകിയിരുന്നു.. 18 മാസം പ്രായമുള്ളപ്പോൾ കുട്ടിയുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഡ്യൂട്ടി ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനും കുഞ്ഞ് ജനിച്ചപ്പോൾ ആർഒപി സ്‌ക്രീനിംഗിനെക്കുറിച്ച് അറിയിക്കാത്തതിനും 95 ലക്ഷം രൂപ ആവശ്യപ്പെട്ട് സുനിത ആശുപത്രി, മെഡിക്കൽ ഓഫീസർ-ഇൻ-ചാർജ്, നേത്രരോഗവിദഗ്ദ്ധർ എന്നിവർക്കെതിരെ പരാതി നൽകുകയും ചെയ്തു. ഈ കേസിലാണ് കോടതി 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
കുട്ടി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന സമയത്ത് സ്‌ക്രീനിംഗ് ശരിയായ സമയത്ത് നടന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷനായ അംഗം ജെ ജി മെക്വാൻ വ്യക്തമാക്കി. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന്റെ ഭാരം 1,500 ഗ്രാമിൽ കുറവാണെങ്കിൽ ആർഒപി സ്‌ക്രീനിംഗ് നിർദേശിക്കേണ്ടത് ഡോക്ടറുടെ കടമ ആണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കമ്മീഷൻ പരിഗണിച്ച ശേഷം ആണ് നഷ്ടപരിഹാരം തുക നൽകാൻ പറഞ്ഞത്,. തുക കുട്ടിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കാൻ നിർദേശിച്ചിട്ടുണ്ട്..












Click it and Unblock the Notifications