ലഡാക്ക് തിരഞ്ഞെടുപ്പില്‍ നാണംകെട്ട് ബിജെപി; നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ വിജയം
ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മേഖലയില്‍ നടന്ന ആദ്യത്തെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പരാജയം. ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം വന്‍ വിജയം നേടി. ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ആണ് ബി ജെ പിയെ സഖ്യം പരാജയപ്പെടുത്തിയത്.
26 സീറ്റുകളുള്ള മലയോര കൗണ്‍സിലിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് 18 സീറ്റുകളിലാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് 10 സീറ്റുകളിലും സഖ്യകക്ഷിയായ കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും വിജയിച്ചു. ബി ജെ പിക്ക് ഇതുവരെ രണ്ട് സീറ്റുകളിലാണ് വിജയിക്കാനായത്. ബാക്കിയുള്ള സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് യഥാക്രമം 17, 22 സ്ഥാനാര്‍ത്ഥികളെ ഇരുപാര്‍ട്ടികളും നിര്‍ത്തി. ബി ജെ പിയുമായി കടുത്ത മത്സരം നടക്കുന്ന മേഖലകളില്‍ മാത്രമായി സഖ്യം പരിമിതപ്പെടുത്തുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ 25 സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.
95388 വോട്ടര്‍മാരില്‍ 74,026 പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. 77.61 ശതമാനമായിരുന്നു പോളിംഗ്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫിറോസ് അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള നിലവിലെ കൗണ്‍സിലിന്റെ കാലാവധി ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയാക്കിയിരുന്നു. പുതിയ കൗണ്‍സില്‍ ഒക്ടോബര്‍ 11 ന് മുമ്പ് നിലവില്‍ വരും. ലേ, കാര്‍ഗില്‍ ജില്ലകളിലെ ബുദ്ധ-മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള അപൂര്‍വ രാഷ്ട്രീയ സഖ്യം ലഡാക്കിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് വലിയ വെല്ലുവിളിയാണ്.
26 സീറ്റുകളിലേക്ക് 85 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്മേലുള്ള ഹിതപരിശോധന എന്ന നിലയിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കശ്മീരിനെ വിഭജിച്ചത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രഭരണ പ്രദേശം എന്ന പരീക്ഷണം വിജയിച്ചില്ലെന്നുമാണ് നിരവധി വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.
'ഞങ്ങള്‍ക്ക് ഞങ്ങളുടെ സംസ്ഥാന പദവി തിരികെ വേണം. കേന്ദ്രഭരണ പ്രദേശം ആയതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല. ഞങ്ങളുടെ കുട്ടികള്‍ തൊഴില്‍രഹിതരാണ്,' ഒരു കാര്‍ഗില്‍ പ്രദേശവാസി പറഞ്ഞു. നേരത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനം നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യണമെന്ന വ്യക്തമായ സന്ദേശമായിരിക്കണം തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കേണ്ടത് എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.
നേരത്തെ ലഡാക്ക് ഭരണകൂടം നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്ക് 'കലപ്പ' ചിഹ്നം നിഷേധിച്ചിരുന്നു. ഇത് പിന്നീട് നിയമയുദ്ധത്തിലേക്ക് നയിച്ചു. ഇതോടെ സെപ്റ്റംബര്‍ 10 ന് നേരത്തെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് സുപ്രീം കോടതി മാറ്റിവെക്കുകയായിരുന്നു.












Click it and Unblock the Notifications