'ലഗാന്‍, ജോധാ അക്ബർ': പ്രമുഖ കലാസംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്തു, 4 തവണ ദേശീയ അവാർഡ് ജേതാവ്
പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായി അന്തരിച്ചു. ബുധനാഴ്ച രാവിലെ കർജാത്തിലെ എൻഡി സ്റ്റുഡിയോയിലാണ് നിതിന്‍ ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്താതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. മികച്ച കലാസംവിധാനത്തിനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയിട്ടുണ്ട്.
ബോളിവുഡിലെ തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബൻസാലി എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ച കലാസംവിധായകനാണ് നിതിന്‍ ദേശായി. ഹം ദിൽ ദേ ചുകേ സനം, ദേവദാസ്, ജോധ അക്ബർ, ലഗാൻ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയവയാണ് ശ്രദ്ധേയ പടങ്ങള്‍.

കലാസംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന പ്രോജക്റ്റ് 2019 ലെ പാനിപ്പത്ത് എന്ന സിനിമയിൽ അശുതോഷ് ഗോവാരിക്കറിനൊപ്പം ആയിരുന്നു. ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഹോളിവുഡിലെ പ്രശസ്തമായ ആർട്ട് ഡയറക്‌ടേഴ്‌സ് ഗിൽഡ് ഫിലിം സൊസൈറ്റിയും അമേരിക്കൻ സിനിമാതെക്കും നിതീശ് ദേശായിയെ ആദരിച്ചിരുന്നു.
കലാസംവിധാനത്തിന് പുറമെ 2003ൽ ദേശ് ദേവി മാ ആശാപുര എന്ന ചിത്രത്തിലൂടെ നിതിൻ നിർമ്മാണ രംഗത്തേക്കും കടന്ന് വന്നു. രാജാ ശിവഛത്രപതി എന്ന മറാത്തി സീരിയലും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 2005-ൽ മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള കർജാത്തിൽ എൻഡി സ്റ്റുഡിയോ എന്ന പേരില്‍ പുതിയ സ്ഥാപനവും അദ്ദേഹം ആരംഭിച്ചു. 52 ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്റ്റുഡിയോയില്‍ നിരവധി പ്രമുഖ സിനിമകളും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രം ജോധ അക്ബറാണ്.












Click it and Unblock the Notifications